കൊച്ചി: രാഷ്ട്രീയ അക്രമങ്ങളുടെ നാടെന്ന ചീത്തപ്പേര് മാറ്റാൻ കണ്ണൂരുകാർ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അവസരമാക്കണമെന്ന് ഹൈകോടതി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണ് കണ്ണൂരെന്ന് ബാക്കിയുള്ളവർക്ക് കാണിച്ചു കൊടുക്കണം. ഇതിന് കണ്ണൂരിലെ ജനങ്ങളും പൊലീസ് സംവിധാനവും ഉണർന്ന് പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിൽ പൊലീസ് സംരക്ഷണം തേടി വന്ന ഹരജികൾ പരിഗണിക്കവെയാണ് കോടതി പരാമർശം.
ഹരജിയിലേറെയും കണ്ണൂരിൽ നിന്നുള്ളതായിരുന്നു. കണ്ണൂരുകാർ ഏറെ ആതിഥ്യ മര്യാദയുള്ളവരും സന്ദർശകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കണക്കാക്കുന്നവരുമാണ്. ശക്തമായ സാമൂഹിക-സാംസ്കാരിക മൂല്യങ്ങളിൽ അടിയുറച്ചതാണ് അവിടത്തെ കുടുംബബന്ധങ്ങൾ. കണ്ണൂർ ജില്ലയിലെ മൊത്തം സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. എന്നിട്ടും കേരളീയർ എന്തുകൊണ്ടാണ് കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ നാടായി കാണുന്നതെന്നും കോടതി ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈകോടതി നിർദേശം നൽകി. പ്രശ്ന ബാധിത ബൂത്തുകൾക്കായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദേശം നൽകിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെൻസിറ്റീവ് ബൂത്തുകളെന്ന് വിലയിരുത്തിയ ഇടങ്ങളിൽ തത്സമയ ലൈവ് വെബ്കാസ്റ്റിങിനും അധിക പൊലീസുകാരെ വിന്യസിക്കുന്നതിനും നടപടിയെടുക്കണം. പോളിങ് ബൂത്തുകളിൽ വിഡിയോഗ്രഫി വേണമെന്ന് കരുതുന്നവർ മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അപേക്ഷ നൽകണം. അപേക്ഷകരുടെ ചെലവിൽ വിഡിയോഗ്രഫിക്ക് അനുമതി നൽകാം. നിലവിൽ നൽകിയ അപേക്ഷകളും പരിഗണിക്കണം.
ഭീഷണി ഭയക്കുന്ന സ്ഥാനാർഥികളും ഏജന്റുമാരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്ക് നൽകുന്ന അപേക്ഷകളിൽ നിയമപ്രകാരം നടപടിയെടുക്കണം. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ അധിക പൊലീസ് സേനയെ വിന്യസിക്കാൻ സ്ഥാനാർഥികൾക്കൊ ഏജന്റുമാർക്കൊ അപേക്ഷിക്കാം. യഥാർഥ അവസ്ഥ ബോധ്യപ്പെട്ട് നടപടിയെടുക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ ബൂത്ത് പിടിത്തം അടക്കം അതിക്രമങ്ങൾക്ക് സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.