ചൂ​ര​ൽ​മ​ല വാ​ർ​ഡി​ലെ യു. ​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മ​ൻ​സൂ​ർ പ്ര​ചാ​ര​ണ​ത്തി​ൽ, ചൂ​ര​ൽ​മ​ല വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. സ​ഹ​ദ് പ്ര​ചാ​ര​ണ​ത്തി​ൽ

ഇരുമുന്നണികളും പറയുന്നു, ഉരുളൊഴിഞ്ഞ ദേശം ഞങ്ങൾ തിരിച്ചുപിടിക്കും

ചൂരൽമല (വയനാട്): കൂടെ ജീവിച്ച 298 പേർ ഒറ്റരാത്രികൊണ്ട് ഇല്ലാതായ മണ്ണ്. അവിടെ മറ്റൊരു തദ്ദേശതെരഞ്ഞെടുപ്പിനുകൂടി കളമൊരുങ്ങിയപ്പോൾ വീറിനും വാശിക്കും ഒട്ടും കുറവില്ല. പക്ഷേ, ഒറ്റ കാര്യത്തിൽ സ്ഥാനാർഥികളെല്ലാം ഐക്യപ്പെടുന്നു...‘ഉരുളൊഴിഞ്ഞ ഈ ദേശം ഞങ്ങൾ തിരിച്ചുപിടിക്കും...’

കഴിഞ്ഞ വർഷം ജൂലൈ 30ലെ ഉരുൾപൊട്ടലിൽ എല്ലാം നശിച്ച ചൂരൽമലയും മുണ്ടക്കൈയും ഇന്ന് തെരഞ്ഞെടുപ്പ് ചൂടിലാണ്. ദുരന്തത്തോടെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമംതന്നെ ഇല്ലാതായതോടെ 11ാം നമ്പർ വാർഡായ ചൂരൽമലയോട് ചേർക്കുകയായിരുന്നു. ഇവിടെ എൽ.ഡി.എഫിനായി സി.പി.എമ്മിന്റെ കെ.കെ. സഹദും യു.ഡി.എഫിനായി മുസ്‍ലിം ലീഗിന്റെ കെ. മൻസൂറുമാണ് മത്സരിക്കുന്നത്. ചൂരൽമല മദ്റസ ഹാളിലും ചർച്ച് ഹാളിലുമായി സജ്ജീകരിക്കുന്ന ബൂത്തുകളിൽ 1043ഉം 1098ഉം വോട്ടർമാരാണുള്ളത്.

എന്നാൽ, അതിജീവിതരായ ഇവരിൽ മിക്കവരും സർക്കാർ ഒരുക്കിയ വാടകവീടുകളിലാണ് താമസിക്കുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെയും അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ ചേരമ്പാടിയടക്കമുള്ള സ്ഥലങ്ങളിലെ ബന്ധുവീടുകളിലും താമസിക്കുന്നവരുണ്ട്. ഇവരെ നേരിൽകണ്ട് വോട്ടുചോദിക്കുകയെന്നത് ഏറെ ശ്രമകരമാണെന്ന് സ്ഥാനാർഥികൾ പറയുന്നു. നേരിൽകാണാൻ പറ്റാത്തവരെ ഫോണിൽ വിളിക്കുകയാണ്.

വേട്ടുചോദിക്കാനെത്തുമ്പോൾ മിക്കവരും തങ്ങളുടെ ദുരിതജീവിതത്തിന്റെ കെട്ടഴിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി പറയുന്നു. ഉപജീവനമാർഗമില്ലാതായതോടെ എല്ലാവരും പ്രയാസത്തിലാണ്. വാടകവീടുകളിൽ ഒറ്റപ്പെട്ടുള്ള താമസം മടുത്തു. സർക്കാറിന്റെ പുനരധിവാസപദ്ധതിക്ക് വേഗം കൂട്ടണം. സർക്കാർ വേതനമായ 9000 രൂപ നിർത്തുമോ എന്ന ആശങ്കയും വ്യാപകമാണെന്നും ദുരന്തബാധിതർ സങ്കടപ്പെടുന്നു.

എന്നാൽ, സർക്കാറിന്റെ പുനരധിവാസ പദ്ധതിയിൽ തങ്ങൾ തൃപ്തരാണെന്നും ഉപജീവനത്തിന് സ്വയംതൊഴിൽ സംരംഭങ്ങളടക്കം സർക്കാർ ഒരുക്കിയെന്നുമാണ് വോട്ടർമാരുടെ അഭിപ്രായമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പറയുന്നു. ഒരു ആനുകൂല്യവും മുടങ്ങില്ല. ദുരന്തബാധിതരായ എല്ലാവരും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുമെന്നും ടൗൺഷിപ് നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എതിർചേരിയിൽനിന്ന് പോരടിക്കുന്നവരാണെങ്കിലും ജയിച്ച് പഞ്ചായത്ത് അംഗമായാൽ ദുരന്തബാധിതരുടെ പ്രശ്നങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നതിൽ ഇരുവർക്കും ഒരേ സ്വരമാണ്. ദുരന്തം ബാധിച്ച മറ്റൊരു വാർഡായ അട്ടമലയിൽ യു.ഡി.എഫിനായി ഷീജ ടീച്ചറും എൽ.ഡി.എഫിനായി ഷൈജ ബേബിയുമാണ് മത്സരിക്കുന്നത്.

Tags:    
News Summary - Both fronts say, "We will reclaim the landslide land"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.