പ്രതീകാത്മക ചിത്രം

ഒന്നാംഘട്ട പരസ്യപ്രചാരണത്തിന് നാളെ സമാപനം; കൊട്ടിക്കലാശം സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ

തിരുവനന്തപുരം: വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും കളംനിറഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പരസ്യപ്രചാരണത്തിന് ഞായറാഴ്ച വൈകിട്ടോടെ തിരശീലവീഴും. വൈകിട്ട് ആറുമണിവരെയാണ് പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചിട്ടുള്ള സമയം. ഡിസംബർ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലാണ് പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കുക.

അതിദാരിദ്യ നിർമാർജനം മുതൽ മാലിന്യമുക്ത കേരളം വരെ സർക്കാറിന്‍റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചാണ് എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. ശബരിമല സ്വർണക്കൊള്ള അടക്കം സർക്കാറിന്‍റെ കെടുകാര്യസ്ഥത തുറന്നുകാട്ടിയാണ് യു.ഡി.എഫും എൻ.ഡി.എയും ജനങ്ങളെ സമീപിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അവസാന ലാപ്പിൽ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെങ്കിലും കടുത്ത നടപടിയിലൂടെ ഇതിനെ മറികടക്കാനായെന്നാണ് മുന്നണിയുടെയും കോൺഗ്രസിന്‍റെയും വിലയിരുത്തൽ.

രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. പൊതുജനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ചുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കലക്ടർമാർക്കും പൊലീസ് അധികൃതർക്കും നിർദ്ദേശം നൽകി. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 

Tags:    
News Summary - The first phase of campaigning ends tomorrow; Election Commissioner wants the campaign to be peaceful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.