കോവിഡാനന്തരം കാഴ്ചപ്പാടുകളും മനോഭാവവും മാറിയ ലോകത്തിന് അനുസരിച്ച്, കടുത്തതും വൈബ്രന്റുമായ നിറങ്ങളായിരുന്നു കളർ ഓഫ് ദി ഇയർ ആയി ‘പാന്റോൺ’ തെരഞ്ഞെടുക്കാറുണ്ടായിരുന്നത്. ഈ വർഷത്തെ ‘മോക്ക മൂസ്’ (വ്യതിരിക്തമായ കാപ്പിനിറം) ആയാലും 2024ലെ പീച്ച് ഫസ്സ് ആയാലും അതിനു മുമ്പത്തെ വിവ മജന്തയും (2023) വെരി പേരിയു(2022)മെല്ലാം നിറങ്ങളുടെ ആഘോഷമായിരുന്നല്ലോ. എന്നാൽ, 2026ലെ നിറമായി, പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തിരിക്കുന്നത് നിറംതന്നെയോ എന്നാണ് പലരും ചോദിക്കുന്നത്.
വെള്ളയുടെ നിറഭേദമായ ‘ക്ലൗഡ് ഡാൻസർ’ ആണിത്. PANTONE 11-4201 ആണ് ഇതിന്റെ പാന്റോൺ കളർകോഡ്. ആഗോളതലത്തിൽ പ്രിന്റിങ്ങിലും ഡിസൈനിങ്ങിലും വർണങ്ങൾക്ക് ഒരേ കൃത്യതയും ഏകരൂപവും ഉറപ്പാക്കാനാണ് ഈ കോഡ് ഉപയോഗിക്കുന്നത്. പേപ്പറിലോ തുണിയിലോ പ്ലാസ്റ്റിക്കിലോ, പ്രതലമേതായാലും വർണം കൃത്യമായി ലഭിക്കാൻ ഈ കോഡ് സഹായിക്കുന്നു. പാന്റോൺ മാച്ചിങ് സിസ്റ്റം (പി.എം.എസ്) എന്നാണിതിനെ വിളിക്കുന്നത്. ലോകത്തിലെ വർണ ട്രെൻഡുകൾ പഠിക്കുന്നതിനും ബ്രാൻഡുകൾക്ക് കളർ സ്ട്രാറ്റജി ഉപദേശിക്കാനും പുതിയ കളർ സ്റ്റാൻഡേഡുകൾ വികസിപ്പിക്കാനുമാണ് കളർ ഓഫ് ദി ഇയർ തെരഞ്ഞെടുക്കുന്നത്.
മൃദുവായ നാച്വറൽ വൈറ്റ് ആണ് ക്ലൗഡ് ഡാൻസർ. 1999ൽ പാന്റോൺ ആരംഭിച്ചശേഷം ആദ്യമായാണ് വെളുപ്പിന്റെ ഭേദം തിരഞ്ഞെടുക്കുന്നത്. ഡിസൈൻ-സാംസ്കാരിക ആവിഷ്‍കാരങ്ങൾ ഒരു സമ്പൂർണ അഴിച്ചുപണി ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. ‘‘പൂത്തിരമാല ഒഴുകിവരുംപോലെ സമതുലിതത്വവും ശാന്തതയും ഉൾചേരുന്ന വെളുപ്പാണിത്’’ -ക്ലൗഡ് ഡാൻസറിനെ പാന്റോൺ വിശേഷിപ്പിക്കുന്നു. ബഹളമയവും അമിതവുമായ ലോകത്തെ പുതുക്കിയെടുക്കാൻ കഴിയുംവിധം ശാന്തതയും വ്യക്തതയും ഈ വെളുപ്പിലൂടെ സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു.
‘‘ഒഴിഞ്ഞ കാൻവാസ് പോലെയാണിത്. പുതിയൊരു തുടക്കത്തിനായുള്ള നമ്മുടെ അഭിലാഷത്തെയാണ് PANTONE 11-4201 ക്ലൗഡ് ഡാൻസർ പ്രതിനിധാനം ചെയ്യുന്നത്. പഴഞ്ചനായിത്തുടങ്ങിയ ചിന്തകളുടെ പാളികൾ നീക്കി, പുതുവഴികൾ കണ്ടെത്താൻ ഇതിലൂടെ കഴിയും. ആകാശ വെള്ളയുടെ ഈ നിറഭേദത്തിന് സർഗാത്മകതയുടെ വേറിട്ട ആവിഷ്‍കാരങ്ങളിലേക്ക് നയിക്കാനുള്ള കരുത്തുണ്ട്’’ -പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ലിയാട്രിസ് ഈസ്മൻ വിശദീകരിക്കുന്നു. അതായത്, കടും നിറങ്ങളാൽ മരവിപ്പിലെത്തിയ, വിഷ്വൽ ഓവർലോഡ് ആയ ലോകത്തെ വെളുപ്പിലൂടെ തിരുത്തുകയാണെന്നാണ് ‘കവി’ ഉദ്ദേശിക്കുന്നത്.
അതേസമയം, വലിയ സർഗാത്മക പരീക്ഷണങ്ങൾക്ക് മുതിരാതെ, മിനിമലിസത്തിന്റെ ഒരു സേഫ് ഗെയിം ആണ് പാന്റോൺ ഇത്തവണ നടത്തിയതെന്ന് വിമർശനമുയർന്നിട്ടുണ്ട്. അതിനേക്കാളുപരി ഐഡന്റിറ്റി വാദങ്ങളുടെയും പ്രാതിനിധ്യ ചർച്ചകളുടെയും കാലത്ത് ‘ശുദ്ധ വെള്ള’ തെരഞ്ഞെടുത്തത് വൈരുധ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തൊലിയുടെയോ വംശങ്ങളുടെയോ രാഷ്ട്രീയത്തെയല്ല, അൽപം ശാന്തത തേടാനുള്ള ഡിസൈൻ ഫിലോസഫിയാണിതെന്ന് പാന്റോണും പ്രതികരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.