ഗുണനിലവാരം പടുകുഴിയില്‍

എന്‍ജിനീയറിങ്  മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങിയതോടെ മെറിറ്റ് പിന്നാക്കം പോവുകയും പണാധിപത്യം പിടിമുറുക്കുകയും ചെയ്തു. മെറിറ്റ് പാലിക്കാനുണ്ടായിരുന്ന മാനദണ്ഡങ്ങളിലെല്ലാം സര്‍ക്കാറിനെക്കൊണ്ട് വെള്ളം ചേര്‍ക്കാന്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് പ്രയാസവുമുണ്ടായില്ല. സമ്മര്‍ദ ഗ്രൂപ്പുകളായിനിന്നായിരുന്നു സര്‍ക്കാറിനെ വരച്ചവരയില്‍ നിര്‍ത്തിയത്. എ.ഐ.സി.ടി.ഇ നിഷ്കര്‍ഷിച്ചതിലും ഉയര്‍ന്ന മാനദണ്ഡം നേരത്തെ നിശ്ചയിച്ച സംസ്ഥാനമാണ് കേരളം.

പ്രവേശന പരീക്ഷക്ക് പുറമെ പ്ളസ് ടു(തത്തുല്യം)വില്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ നേടേണ്ട മിനിമം മാര്‍ക്കിന്‍െറ കാര്യത്തില്‍ ഉയര്‍ന്ന മാനദണ്ഡമായിരുന്നു ഇവിടെ. എ.ഐ.സി.ടി.ഇ യോഗ്യതയനുസരിച്ച്  ഈ മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, കേരളത്തില്‍  മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ചും മാത്സിന് പ്രത്യേകമായും 50 ശതമാനം മാര്‍ക്ക് വേണമെന്ന വ്യവസ്ഥയാണുണ്ടായയിരുന്നത്. പലതവണ സമ്മര്‍ദം ചെലുത്തി ഒടുവില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് മാനേജ്മെന്‍റ് സീറ്റുകളിലേക്ക് മൂന്ന് വിഷയങ്ങള്‍ക്കും ഒന്നിച്ച് 45 ശതമാനം മാര്‍ക്ക് മതി എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കി.

യു.ഡി.എഫ് സര്‍ക്കാറിന്‍െറ വെള്ളംചേര്‍ക്കല്‍ അവിടെയും നിന്നില്ല. പ്രവേശന പരീക്ഷ എഴുതുന്നവരില്‍ ഒരു പേപ്പറില്‍ പത്ത് മാര്‍ക്ക് നേടുന്നവരെയാണ് പ്രവേശന യോഗ്യരായി പരിഗണിച്ചിരുന്നുള്ളൂ. എന്നാല്‍, പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കെല്ലാം യോഗ്യത നല്‍കുന്ന  ഭേദഗതിയും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കൊണ്ടുവന്നു. മന്ത്രിസഭക്കകത്തുനിന്നുപോലും പ്രതിഷേധം ഉയര്‍ന്നതോടെ ഈ ഭേദഗതി റദ്ദാക്കുകയായിരുന്നു. ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന ന്യായം പറഞ്ഞായിരുന്നു പ്രവേശന പരീക്ഷ പോലും അട്ടിമറിക്കുന്ന നീക്കം. സ്വകാര്യ എന്‍ജിനീയറിങ് കോളജുകളിലേക്ക് കുട്ടികളെ എത്തിച്ചുകൊടുക്കാന്‍ എന്തു പണിക്കും സര്‍ക്കാര്‍ ഒരുക്കമാണെന്ന സന്ദേശമായിരുന്നു പിന്നീട് തിരുത്തിയെങ്കിലും സര്‍ക്കാര്‍ അന്ന് നല്‍കിയത്.

മാനേജ്മെന്‍റുകള്‍ക്ക് സീറ്റുകള്‍ നിറക്കാന്‍ പ്രവേശന പരീക്ഷ എഴുതിയവരുടെ പട്ടിക പോലും കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്മെന്‍റുകള്‍ക്ക് ലഭ്യമാക്കി. പ്രവേശന പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയവരെപ്പോലും  സര്‍ക്കാറിന്‍െറ ആശീര്‍വാദത്തോടെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും  ഇതേ തന്ത്രം സ്വാശ്രയ കോളജുകള്‍ പയറ്റിയെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വഴങ്ങിയില്ല. പ്രഫഷനല്‍ കോളജ് പ്രവേശന മേല്‍നോട്ട, ഫീസ് നിയന്ത്രണ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞപ്പോള്‍ 350 പേരെ യോഗ്യതയില്ലാതെ പ്രവേശിപ്പിച്ചതായി കണ്ടത്തെി. സര്‍ക്കാറിന്‍െറ വിലക്കുണ്ടായിട്ടും അയോഗ്യരെ തള്ളിക്കയറ്റാന്‍ ധൈര്യം കാണിച്ചുവെന്നതാണ് സ്വാശ്രയ മാനേജ്മെന്‍റുകളുടെ ശക്തിയും സ്വാധീനവും. ഈ പ്രവേശനം കമ്മിറ്റി റദ്ദാക്കുകയും ചെയ്തു.

അധ്യാപന മേഖല
പ്ളസ് ടു കഴിഞ്ഞ ഓരോ വര്‍ഷത്തെയും ‘ക്രീം’  ആയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലോ ഐ.ഐ.ടി, എന്‍.ഐ.ടി പോലുള്ള ദേശീയ സാങ്കേതിക സ്ഥാപനങ്ങളിലോ ആണ് ചേരുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും കോഴ്സ് പൂര്‍ത്തിയാകും മുമ്പ് ബഹുരാഷ്ട്ര കമ്പനികളില്‍ പ്ളേസ്മെന്‍റും ലഭിക്കുന്നു. അവശേഷിക്കുന്നവരില്‍ ചിലര്‍ എം.ടെക്കിന് ചേരും. സ്വാശ്രയ കോളജുകളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നവര്‍ വീണ്ടും സ്വകാര്യ സ്വാശ്രയ കോളജുകളില്‍  എം.ടെക്കിനത്തെും.ഇവരാണ് പിന്നീട് എന്‍ജിനീയറിങ് കോളജുകളില്‍ അധ്യാപകരായി എത്തുന്നത്. പഠനത്തില്‍ മുന്നില്‍നിന്നവര്‍  വിവിധ കമ്പനികളിലേക്ക് പോകുമ്പോള്‍  പഠനത്തില്‍ പിന്നാക്കം പോയവരുടെ മേഖലയായി അധ്യാപനം  മാറുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.

ഹൈകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച ഡോ. എന്‍. വിജയകുമാര്‍ കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, അവയെല്ലാം കോള്‍ഡ് സ്റ്റോറേജില്‍  കിടക്കുന്നു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ അധ്യാപകരാകാന്‍ യു.ജി.സി ‘നെറ്റ്’ നിര്‍ബന്ധമാക്കിയത് മിനിമം ഗുണനിലവാരം ഉറപ്പുവരുത്താനാണ്.  എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അഭിരുചി പരീക്ഷ (ഗേറ്റ്)യില്‍ സാധുവായ സ്കോര്‍ നേടിയവരെ വേണം എന്‍ജിനീയറിങ് അധ്യാപകരായി നിയമിക്കാന്‍ എന്ന നിര്‍ദേശമാണ് വിജയകുമാര്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. ഒ.എന്‍.ജി.സി, ഭെല്‍ പോലുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ ഗേറ്റ് സ്കോര്‍ അടിസ്ഥാനപ്പെടുത്തി റിക്രൂട്ട്മെന്‍റ് നടത്തുന്ന രീതി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മാത്രവുമല്ല, സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപക നിയമനത്തിന് എം.ടെക്കിനൊപ്പം സാധുവായ ഗേറ്റ് സ്കോര്‍കൂടി പരിഗണിക്കാന്‍ പി.എസ്.സിക്ക് നിര്‍ദേശം നല്‍കണമെന്ന  ശിപാര്‍ശയും കടലാസില്‍ ഒതുങ്ങി.  

നാളെ: കുമ്പസരിച്ചാല്‍ തീരുമോ ഈ പാതകം?

Tags:    
News Summary - sel finance college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.