സി.പി.എം സമ്മേളനങ്ങളിലെ വിഭാഗീയത: പാർട്ടി അന്വേഷണ കമീഷൻ ആലപ്പുഴ ജില്ലയിലേക്ക്

ആലപ്പുഴ: സി.പി.എം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കുന്നതിന് നിയോഗിച്ച പാർട്ടി കമീഷൻ ജില്ലയിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനുമാണ് കമീഷൻ അംഗങ്ങൾ. ഈയാഴ്ച ഇവർ ജില്ലയിലെത്തും.

ഹരിപ്പാട്, ആലപ്പുഴ സൗത്ത്, തകഴി, മാന്നാർ ഏരിയ സമ്മേളനങ്ങളിൽ മത്സരം നടന്നതി‍െൻറ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചത്. കമീഷൻ അംഗങ്ങൾ ആലപ്പുഴയിലെത്തിയശേഷം വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന് സമയം നിശ്ചയിക്കും. ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂടാതെ പരാതിക്കാരിൽനിന്നുമാകും വിവരങ്ങൾ ശേഖരിക്കുക.

തെളിവെടുപ്പി‍െൻറയും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കണക്കിലെടുത്ത് ഈ ഏരിയ കമ്മിറ്റികളിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മത്സരത്തിലൂടെ പുറത്തായ ചിലരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയേക്കും. ഹരിപ്പാട് ഏരിയ കമ്മിറ്റിയിലാണ് വിഭാഗീയത കൂടുതൽ പ്രകടമായത്. ഇവിടെ മത്സരമുണ്ടായപ്പോൾ ഔദ്യോഗിക പാനലിലെ ഏഴുപേർ തോറ്റിരുന്നു. ആലപ്പുഴ സൗത്തിൽ വിഭാഗീയ നീക്കങ്ങളിലൂടെ അഞ്ചുപേരെ ഒഴിവാക്കിയെന്ന് പരാതിയുണ്ടായി. തകഴിയിലും മാന്നാറിലും മത്സരമുണ്ടായതും കമീഷൻ പരിശോധിക്കും.

ജില്ലയിൽ പാർട്ടി പിടിച്ചെടുക്കാൻ സംഘടിത ശ്രമമുണ്ടായെന്ന പരാതി സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. ചില ഏരിയ സമ്മേളനങ്ങളിൽ തുടർച്ചയായി മത്സരമുണ്ടാകുന്ന സാഹചര്യം കമീഷ‍‍െൻറ അന്വേഷണ പരിധിയിലുണ്ട്.വിഭാഗീയത പൂർണമായും ഒഴിവാക്കാനാണ് നേതൃത്വ തീരുമാനം. സമ്മേളനത്തിന് മുന്നോടിയായ ചില നടപടികളുടെ പേരിലും മറ്റും ശാക്തീയ ചേരികളിൽ വന്ന മാറ്റം പാർട്ടി സമ്മേളനങ്ങളിൽ പ്രതിഫലിച്ചിരുന്നു.സജി ചെറിയാൻ പക്ഷം മേൽക്കൈ നേടിയാണ് ജില്ല സമ്മേളനങ്ങൾ സമാപിച്ചത്. 

Tags:    
News Summary - Sectarianism in CPM meetings: Party inquiry commission to Alappuzha district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.