പട്ടാമ്പി: അച്ചടക്ക നടപടിക്ക് ശേഷം ആദ്യമായി വിളിച്ച് ചേർത്ത സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗം ആളില്ലാതെ പിരിഞ്ഞു. 15 അംഗ കമ്മറ്റിയിൽ കെ.സി. അബ്ദുറഹിമാൻ വല്ലപ്പുഴ മാത്രമാണ് പങ്കെടുത്തത്. ജില്ല നേതൃത്വത്തിന്റെ അച്ചടക്കനടപടിയിൽ പ്രതിഷേധിച്ച് 1 1 മണ്ഡലം കമ്മിറ്റി അംഗങ്ങൾ നേരത്തെ രാജിവെച്ചിരുന്നു. രാജിവെച്ചില്ലെങ്കിലും കെ.ടി. മുജീബ് രാജിവെച്ചവരെ അനുകൂലിക്കുന്നതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം, 80 വയസ്സ് കഴിഞ്ഞവർ മാറിനിൽക്കുകയെന്ന ധാരണപ്രകാരം കമ്മിറ്റിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മുൻ മണ്ഡലം സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന ഇ.പി. ശങ്കരൻ യോഗത്തിനെത്തിയിരുന്നു.
സെക്രട്ടറിയുടെ ചുമതലയുള്ള ഒ.കെ. സെയ്തലവിയാണ് യോഗം വിളിച്ചത്. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ മണ്ണാർക്കാടും ജില്ല നേതൃത്വത്തിന്റെ നിർദേശപ്രകാരം യോഗത്തിനെത്തിയിരുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, കോടിയിൽ രാമകൃഷ്ണൻ, പി.കെ. സുഭാഷ് എന്നിവരെ വിഭാഗീയ പ്രവർത്തനകുറ്റം ചുമത്തി കമ്മിറ്റികളിൽ നിന്ന് തരംതാഴ്ത്തിയതിനെ തുടർന്നാണ് സി.പി.ഐയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ജില്ല എക്സി. കമ്മിറ്റി അംഗമായിരുന്ന മുഹമ്മദ് മുഹ്സിനെ ജില്ല കമ്മിറ്റിയിലേക്കും മറ്റ് രണ്ടുപേരെ ബ്രാഞ്ച് കമ്മിറ്റികളിലേക്കുമാണ് തരം താഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.