കെ.എ.എസ്: സെക്രട്ടേറിയറ്റില്‍ ഇന്നുമുതല്‍ നിസ്സഹകരണസമരം

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസുമായി (കെ.എ.എസ്) ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലി​​െൻറ നിസ്സഹകരണ സമരം ഇന്ന്​ തുടങ്ങും. ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ്​ സമരം. നിസ്സഹകരണസമരമാരംഭിക്കാനും സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് തീരുമാനം.

നിസ്സഹകരണത്തിനുപുറമേ തിങ്കളാഴ്ച 24 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്തും. 27 മുതല്‍ അനിശ്ചിതകാലസമരമാരംഭിക്കുകയും നിയമസഭമാര്‍ച്ച് നടത്തുകയും ചെയ്യും.

കെ.എ.എസിനെതിരെ ആക്ഷന്‍കൗണ്‍സില്‍ നടത്തുന്ന സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബുധനാഴ്ച ചീഫ് സെക്രട്ടറി  ചര്‍ച്ച നടത്തിയത്. കെ.എ.എസ് നടപ്പാക്കുക എന്നത് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതാണെന്നും കരട്ചട്ടം തയാറാക്കിവരുകയാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. ജീവനക്കാരുടെ പ്രതിഷേധം സെക്രട്ടേറിയറ്റിന്‍െറ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50 ദിവസമായി തുടരുന്ന സമരമവസാനിപ്പിക്കാന്‍ ഉപാധികള്‍ പോലും മുന്നോട്ടുവെക്കാതെയുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം സ്വീകാര്യമല്ളെന്നായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ നിലപാട്.

സെക്രട്ടേറിയറ്റില്‍ കെ.എ.എസ് നടപ്പാക്കരുത്. ചുരുങ്ങിയപക്ഷം ഭരണപരിഷ്കാര കമീഷന്‍െറ പരിഗണനക്കെങ്കിലും വിഷയം സമര്‍പ്പിച്ച് ശിപാര്‍ശകള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ.എ.എസിന്‍െറ കരട്ചട്ടരൂപവത്കരണ ചര്‍ച്ചക്ക് ജീവനക്കാരെ വിളിക്കാമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. എന്നാല്‍, നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന സംവിധാനത്തിന്‍െറ ചട്ടരൂപവത്കരണചര്‍ച്ചക്ക് വിളിക്കുന്നത് വിചിത്രമാണെന്ന് വ്യക്തമാക്കി ആക്ഷന്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു.

യോഗത്തില്‍ പങ്കെടുത്ത സി.പി.എം അനുകൂലസംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ കെ.എ.എസ്. നടപ്പാക്കുന്നതിന് അനുകൂലനിലപാടാണ് അറിയിച്ചത്. കെ.എ.എസുമായി ബന്ധപ്പെട്ട മൂന്നാമത്തെ ചര്‍ച്ചയായിരുന്നു ഇത്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലെജിസ്ലേറ്റിവ് സെക്രട്ടേറിയറ്റ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് ആക്ഷന്‍ കൗണ്‍സിലിലുള്ളത്.

Tags:    
News Summary - secretariat strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.