സ്വർണക്കൊളള; ജാഥാവഴിയിലും രാഷ്ട്രീയപോര്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തതിനുപിന്നാലെ രാഷ്ട്രീയപ്പോര് കനക്കുന്നു.

സ്വർണക്കൊള്ളയിൽ സ്വന്തം നേതാക്കൾ പ്രതിചേർക്കപ്പെട്ടതിൽ കൈപൊള്ളിയ സി.പി.എം, എസ്.ഐ.ടിയുടെ പുതിയ നീക്കങ്ങൾ യു.ഡി.എഫിനെ കടന്നാക്രമിക്കാനുള്ള ആയുധമാക്കുകയാണ്. എന്നാൽ എസ്.ഐ.ടി നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന വാദമുയർത്തിയാണ് പ്രതിപക്ഷ പ്രതിരോധം.

ഒപ്പമുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യംചെയ്യലെങ്കിൽ എസ്.ഐ.ടി അടുത്തതായി പരിഗണിക്കേണ്ടത് മുഖ്യമന്ത്രിയെയും കടകംപള്ളി സുരേന്ദ്രനെയുമാണെന്ന് നേതാക്കൾ തിരിച്ചടിക്കുന്നു. ഫലത്തിൽ എൽ.ഡി.എഫിന്‍റയും യു.ഡി.എഫിന്‍റെയും സംസ്ഥാന ജാഥകൾ പുരോഗമിക്കുമ്പോൾ സ്വർണക്കൊള്ളയിൽ അടിയും തിരിച്ചടിയുമായി രാഷ്ട്രീയ രംഗം കൊഴുക്കുകയാണ്.

അടൂർ പ്രകാശിനെ ചോദ്യംചെയ്തത് സി.പി.എമ്മിനെ സംബന്ധിച്ച് ആശ്വാസമാണെങ്കിലും ഇതേ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തുവെന്നത് വിഷയം രാഷ്ട്രീയമായി ഉയർത്തുന്നതിൽ ഇടതു ക്യാമ്പിന് സങ്കോചമുണ്ടാക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ നേതാക്കളുടെ പ്രതികരണങ്ങളിലെ അവധാനത ഇതിന് ഉദാഹരണം. എങ്കിലും നിലവിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വീണുകിട്ടിയ പിടിവള്ളി കൈവിടാനും സി.പി.എം ഒരുക്കമല്ല.

അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ ഒരു കൊള്ളക്കാരന് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നതിന് കോൺഗ്രസ് ഉത്തരം പറയണമെന്നത് മുതൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന ആവശ്യം വരെ സി.പി.എമ്മിൽ നിന്ന് ഉയർന്നുകഴിഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പവും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പവുമുള്ള ചിത്രങ്ങൾ ഉയർത്തിക്കാട്ടി പൊതുപ്രവർത്തകർക്കൊപ്പം ആർക്കും ഫോട്ടോ എടുക്കാമെന്നും അതിനെ കുറ്റമായി കാണാനാവില്ലെന്നുമാണ് യു.ഡി.എഫ് വാദം.

വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ശോഭകെടുത്താൻ വേണ്ടിയാണ് അടൂർ പ്രകാശിനെതിരായ നീക്കമെന്ന വിമർശനവും കോൺഗ്രസിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇടതു ഭരണകാലത്തെ സ്വർണക്കൊള്ളക്ക് പ്രതിപക്ഷ എം.പി എങ്ങനെ ഉയത്തരവാദിയാകുമെന്ന ചോദ്യവുമുണ്ട്.

അതേസമയം, ശബരിമല വിഷയത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരേപോലെ പ്രതിസ്ഥാനത്ത് നിർത്തുന്ന രാഷ്ട്രീയനീക്കമാണ് ബി.ജെ.പിയുടേത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിൽക്കുന്ന ഇരുവിഭാഗം നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി നേരത്തെ തന്നെ പോസ്റ്റർ ഇറക്കിയ ബി.ജെ.പി, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

കോൺഗ്രസിനെതിരെ ആരോപണം കടുപ്പിച്ച് സി.പി.എം

പേരാമ്പ്ര (കോഴിക്കോട്): പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് പിന്നാലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനും ആന്റോ ആന്റണി എം.പിക്കും തന്ത്രിക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വികസന മുന്നേറ്റ ജാഥയിലാണ് ഗോവിന്ദന്റെ പ്രതിരോധം വിട്ടുള്ള ആക്രമണം. അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുകകൂടി ചെയ്തതോടെ സ്വർണക്കൊള്ള കോൺഗ്രസിലേക്ക് തിരിച്ചുവിടാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.

‘‘പോറ്റിയും ഗോവർധനനും അടൂർ പ്രകാശും ആന്റോ ആന്റണി എം.പിയും പ്രയാർ ഗോപാലകൃഷ്ണനും ഒരുമിച്ച് സോണിയ ഗാന്ധിയെ പലവട്ടം കണ്ടത് എന്തിനാണ്. എന്താണ് കൈക്ക് കെട്ടിക്കൊടുക്കുകയും സമ്മാനം കൊടുക്കുകയും ചെയ്തത്?. സിമന്റ് തറയിൽ സ്ഥാപിച്ച കൊടിമരത്തിന് ചിതൽ പിടിച്ചെന്ന കളവ് പറഞ്ഞാണ് മാറ്റിച്ചത്.10.5 കി.ഗ്രാം തൂക്കമുള്ള വാജി വാഹനമാണ് തന്ത്രി കൊണ്ടുപോയത്. കൊടിമരം മാറ്റാനാണെന്നുപറഞ്ഞ് കേരളത്തിനകത്തും പുറത്തും നിന്ന് വൻതുകയും സ്വർണവും പിരിപ്പിച്ചു. പിരിവിന് അടൂർ പ്രകാശും പോയിട്ടുണ്ട്. കൊടിക്ക് ആ ഫണ്ട് ഉപയോഗിച്ചിട്ടില്ല. അതിന്റെ കണക്കും ഇല്ല’’- ഗോവിന്ദൻ പറഞ്ഞു.



Tags:    
News Summary - Gold theft; Political fight on the way to the procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.