കൊച്ചി/കോഴിക്കോട്/റിയാദ്/മനാമ: പ്രവാസി മടക്കത്തിെൻറ രണ്ടാം ദിനവും ആശ്വാസകരം. ലോക്ഡൗണിനെ തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി എട്ടിന് കോഴിക്കോട്ടിറങ്ങി, ബഹ്റൈനിൽനിന്ന് 177 യാത്രക്കാരുമായി മറ്റൊരു വിമാനം രാത്രി 11ഓടെ നെടുമ്പാശ്ശേരിയിലുമിറങ്ങി.
പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് 152 യാത്രക്കാരുമായി റിയാദിൽനിന്ന് തിരിച്ച എ.െഎ 922 വിമാനത്തിൽ 103 സ്ത്രീകളും 45 പുരുഷന്മാരും നാല് കുട്ടികളുമാണുണ്ടായിരുന്നത്. 84 പേർ ഗർഭിണികളാണ്. കർണാടകയിലെ എട്ടുപേരും തമിഴ്നാട്ടിെല രണ്ടുപേരും ഇവരിലുണ്ട്. ഗർഭിണികളിൽ 23 പേർ മലപ്പുറം ജില്ലക്കാരാണ്. 20 അംഗങ്ങളുള്ള സംഘങ്ങളായാണ് പുറത്തിറക്കിയത്. കൂടുതൽ ഗർഭിണികൾ എത്തിയതിനാൽ വിമാനത്താവളത്തിലെ ആരോഗ്യ സംഘത്തില്‍ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാരുമുണ്ടായിരുന്നു.
റിയാദ് വിമാനത്താവളത്തിൽ പ്രാഥമിക ആരോഗ്യ പരിശോധനക്കുശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ പോകാൻ 60,000 ഇന്ത്യക്കാരാണ് എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദിയിൽനിന്ന് ആദ്യ ആഴ്ചയിൽ അഞ്ച് വിമാനങ്ങളിൽ ആയിരം പേരെ നാട്ടിലെത്തിക്കും.
ബഹ്റൈനിൽനിന്നുള്ള വിമാനത്തിൽ 177 പേരാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്. തിരുവനന്തപുരത്തുനിന്ന് തിരിച്ച വിമാനമാണ് ബഹ്റൈനിൽനിന്ന് യാത്രക്കാരുമായി മടങ്ങിയത്. ആലപ്പുഴ - 14, ബംഗളൂരു- മൂന്ന്, എറണാകുളം- 35, ഇടുക്കി- ഏഴ്, കണ്ണൂർ- രണ്ട്, കാസർകോട്- ഒന്ന്, കൊല്ലം- 10, കോട്ടയം-23, കോഴിക്കോട്- നാല്, മധുര- ഒന്ന്, മലപ്പുറം- അഞ്ച്, പാലക്കാട്- 15, പത്തനംതിട്ട- 19, തൃശൂർ 37, തിരുവനന്തപുരം- ഒന്ന് എന്നിങ്ങനെയാണ് യാത്രക്കാർ. ഒരുമണിക്കൂറിലധികം നീണ്ട ആരോഗ്യ പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം നിരീക്ഷണത്തിലേക്ക് മാറ്റി.
ശനിയാഴ്ച രണ്ട് വിമാനങ്ങൾകൂടി കൊച്ചിയിലെത്തുന്നുണ്ട്. കുവൈത്ത്-കൊച്ചി വിമാനം രാത്രി 9.15നും മസ്കത്ത് വിമാനം 8.50നും എത്തും. മേയ് 12 വരെ അഞ്ച് വിമാനങ്ങള്‍ കൂടി കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തും.
ആദ്യ ദിവസം യു.എ.ഇയിൽനിന്ന് കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി ഓരോ വിമാനങ്ങളെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.