സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.സി. ജോർജ്

പി.സി. ജോര്‍ജിന്റെ തുറന്നുപറച്ചിലില്‍ സമഗ്രാന്വേഷണം വേണം; നിയമനടപടിയുമായി മുൻ എം.എൽ.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

കോ​ട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ് നടത്തിയ തുറന്നുപറച്ചിലില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ എം.എൽ.എയും കേരള കോൺഗ്രസ് എം നേതാവുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. തനിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ വ്യക്തി അധിക്ഷേപത്തിനെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ അദ്ദേഹം, നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസിലും പരാതി നല്‍കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ 4.5 കോടി രൂപ ചെലവഴിച്ചുവെന്നും ഫണ്ട് പലരും മുക്കിയെന്നും മറ്റുമുള്ള പി.സി. ജോര്‍ജിന്റെ തുറന്നുപറച്ചിലില്‍ സമഗ്രാന്വേഷണം വേണം. തെരഞ്ഞെടുപ്പിന്റെ തലേന്ന് അരുവിത്തുറ ബൂത്തില്‍ വീടുകളില്‍ കയറി വോട്ടിന് പണം നല്‍കിയ പി.സി. ജോര്‍ജിന്റെ ഏജന്റിനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ച സംഭവമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിയോജക മണ്ഡലത്തില്‍ എല്ലായിടത്തും വ്യാപകമായ തോതില്‍ പണം വിതരണം ചെയ്തെന്ന് കുളത്തുങ്കൽ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ ഇപ്രകാരമുള്ള എല്ലാവിധ അഴിമതികളും ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 30 ലക്ഷത്തോടനുബന്ധിച്ച തുക മാത്രം ചെലവഴിച്ചതായാണ് തെരഞ്ഞെടുപ്പിനു ശേഷം കമീഷന് കണക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഏതാണ്ട് പതിന്മടങ്ങിലധികം തുക അധികം ചെലവഴിച്ചതായാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനവുമാണെന്നും മുൻ എം.എൽ.എ പറഞ്ഞു.

ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും. വര്‍ഗീയതയും, മലീമസമായ അധമ സംസ്‌കാരവും പ്രചരിപ്പിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷമാകെ വിഷലിപ്തമാക്കുന്ന പി.സി. ജോര്‍ജിനെ നിലക്ക് നിര്‍ത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭരണസംവിധാനങ്ങളും മുന്നോട്ടുവരണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോൺ​ഗ്രസ് സ്ഥാനാർഥി അഡ്വ. എം.ജെ. സെബാസ്റ്റ്യനോട് 6693 വോട്ടിനാണ് പരാജയപ്പെട്ടത്. എം.ജെ. സെബാസ്റ്റ്യൻ 56,900 വോട്ടും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 50,207 വോട്ടും നേടി. 36,172 വോട്ട് നേടിയ പി.സി. ജോർജിനാണ് മൂന്നാംസ്ഥാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.