സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
തൃശൂർ: പുലികളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിയും ടൂറിസം മുൻ സെക്രട്ടറിയും ഉൾപ്പെടെയുള്ളവരെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമപ്രവർത്തനമാണ് നടത്തിയത്. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നത്, ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. പുലികളി സംഘങ്ങൾക്ക് ധനസഹായം കൈമാറുന്ന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ വിമർശനം.
‘വലിയ സന്തോഷത്തോടെ അല്ല, ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി. നിരവധി തവണ ഈ പേരിൽ ടൂറിസം സെക്രട്ടറി ബിജുവിനെ വിളിച്ചു. തനിക്ക് ഇതിൽ ഭാഗമാകണമെന്ന് പറഞ്ഞതാണ്. പുലികളി സംഘങ്ങൾക്ക് ഇതിനു മുമ്പ് ഫണ്ട് അനുവദിച്ച ചരിത്രമില്ല. ലൊട്ടുലൊടുക്ക് ഓഫിസർക്കല്ല നിർദേശങ്ങൾ അയച്ചത്. ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും കലക്ടർക്കുമാണ് അയച്ചത്.’ -സുരേഷ് ഗോപി പറഞ്ഞു.
താൻ ചെയ്യാത്ത തെറ്റിന്, ഇത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പിശാചുക്കൾ പ്രായശ്ചിത്തം ചെയ്യണം. ഇൻക്രെഡിബിൾ ഇന്ത്യ ലോഗോ വന്നില്ല എന്നത് നിയമപരമായ തെറ്റാണ്. ആ വീഴ്ച കേരളം ഏറ്റുപറഞ്ഞതോടെയാണ് ഫണ്ട് അനുവദിച്ചത്. ഇവിടെ നിന്ന് ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിന് കുട പിടിച്ചതെന്നും ഇത്രയും അധമനാകരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിന്റെ ഒരു കത്ത് കിട്ടാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകില്ലായിരുന്നു. ഒടുവിൽ പുലിക്കളിക്ക് എട്ടു ദിവസം മുമ്പ് താൻ ഇക്കാര്യം പൊതുമധ്യത്തിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇതിൽ നടപടിയുണ്ടായത്. താൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു.
രാഷ്ട്രീയത്തിനതീതമായി തൃശൂരിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതും തനിക്ക് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചതുമാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ചവരുടെ വായ ഇനി തുറക്കാൻ പാടില്ലെന്നും ഇക്കാര്യം ജനങ്ങൾ പൂർണ്ണമായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ വരാനിരിക്കുന്ന ഏതൊരു രാഷ്ട്രീയ വിവാദങ്ങളെയും നെഞ്ചുവിരിച്ച് നേരിടാൻ താൻ തയാറാണെന്നും വരുന്നവർ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.