കെ.എം. ബഷീർ
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈകോടതി. സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിചാരണ കോടതിയോട് നടപടികൾ നിർത്തിവെക്കാൻ നിർദേശിച്ചത്. നേരത്തേ, വിചാരണ കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി നാലിലെ വിചാരണ നടപടികളാണ് ഒരു മാസത്തേക്ക് നീട്ടിവെക്കാൻ ഉത്തരവിട്ടത്. കേസിൽ അഡ്വക്കേറ്റ് എ.ഐ. സന്തോഷ് കുമാറിനെ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടർ ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കി.
സർക്കാർ വിജ്ഞാപനം ഇറക്കിയ ഉടൻ തന്നെ നിയുക്ത സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ സന്തോഷ് കുമാർ സംസ്ഥാന സർക്കാറിന് വേണ്ടി കേസിന്റെ വിചാരണ നടത്തണമെന്നും ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2019 ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപം വെച്ച് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ്, സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്ന കെ.എം. ബഷീർ മരിച്ചത്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അപകടസമയം ശ്രീറാമിനൊപ്പം അദ്ദേഹത്തിന്റെ പെൺസുഹൃത്ത് വഫയും കാറിലുണ്ടായിരുന്നു.
കേസിലെ ഏക പ്രതിയായ ശ്രീറാം, നിലവിൽ കൃഷി വകുപ്പ് ഡയറക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.