സ്കൂൾ കലോത്സവ ഭക്ഷണം: മാധ്യമങ്ങൾ ബിരിയാണിക്ക് പിറകെ നടക്കേണ്ടെന്ന് മന്ത്രി ശിവൻ കുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കലോത്സവ പാചകപ്പുരയിൽ നടന്ന പാലുകാച്ചൽ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിവാദങ്ങൾക്കും ചർച്ചക്കും പ്രസക്തിയില്ല. കലോത്സവ ഭക്ഷണം സംബന്ധിച്ച കഴിഞ്ഞ തവണത്തേത് ഒരു ചർച്ച മാത്രമാണ്. ബോധപൂർവം ആരും വിവാദം ഉണ്ടാക്കാതിരുന്നാൽ കൊല്ലത്തേത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കലോത്സവമായി മാറും.

സ്കൂൾ കലോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മാധ്യമങ്ങൾ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ല. മത്സരങ്ങൾ നടക്കുന്നുണ്ടോ എന്നും പങ്കെടുക്കാൻ വരുന്ന കുട്ടികൾക്ക് സൗകര്യങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

വരുന്ന വർഷം സ്കൂൾ കലോത്സവത്തിന് നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്നാണ് കഴിഞ്ഞ തവണ കോഴിക്കോട് നടന്ന കലോത്സവത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ നോൺ വെജ് ഭക്ഷണം വിഷയം വിവാദമാവുകയും സ്കൂൾ കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണമേ വിളമ്പൂവെന്ന് സർക്കാർ പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

Tags:    
News Summary - School Kalotsava food: Minister V Sivan Kutty says media should not follow biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.