പെരിന്തൽമണ്ണ: സ്കൂളുകളിൽ വിദ്യാർഥികളുടെ ആരോഗ്യ-മാനസിക പ്രശ്നങ്ങൾക്ക് പ്രാഥമിക പരിഹാരം കാണാൻ ചുമതലയുള്ള സ്കൂൾ ഹെൽത്ത് നഴ്സുമാർ ജില്ലയിലെ മിക്ക സ്കൂളുകളിലുമില്ല. യോഗ്യരായ ഹെൽത്ത് നഴ്സുമാരെ ലഭിക്കാത്തതും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമായി പറയുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെയും സംയുക്ത സംരംഭമായി 2009ൽ ആണ് സ്കൂളുകളിൽ ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാലയ ആരോഗ്യ പദ്ധതി ആവിഷ്കരിച്ചത്. ആ വർഷം 10 ശതമാനം സ്കൂളുകളിൽ ആരംഭിച്ച പദ്ധതി 2012-13 വർഷത്തിൽ കേരളത്തിലെ എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചിരുന്നു.
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ പ്രാഥമികമായി കണ്ടെത്താനാണ് സ്കൂൾ ഹെൽത്ത് നഴ്സുമാരെ നിയമിച്ചത്. 2500 കുട്ടികൾക്ക് ഒരാൾ എന്ന രീതിയിലായിരുന്നു നിയമനം. തുടക്കത്തിൽ 1098 നഴ്സുമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. സ്കൂളുകളിലെ എല്ലാ കുട്ടികളെയും ചിട്ടയായ വൈദ്യ പരിശോധനക്ക് വിധേയരാക്കി വിവരങ്ങൾ ഹെൽത്ത് റെക്കോഡിൽ രേഖപ്പെടുത്തുക, ഇത്തരം പരിശോധനയിലൂടെ കണ്ടെത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ സ്കൂൾ അധികൃതരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയിൽപെടുത്തി അവരുടെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുക, ഈ കുട്ടികളെ കൃത്യമായി, തുടർച്ചയായി നിരീക്ഷണം നടത്തുക എന്നിവ ഹെൽത്ത് നഴ്സുമാരുടെ ചുമതലയായിരുന്നു.
കൂടാതെ പ്രതിരോധ കുത്തിവെപ്പുകൾ നൽകാനും ആരോഗ്യ ബോധവത്കരണത്തിനായി വിദ്യാഭ്യാസ ക്ലാസുകൾ, എക്സിബിഷൻ, സിനിമ പ്രദർശനം, പോസ്റ്റർ പ്രദർശനം, നാടകം, മറ്റ് കലാരൂപങ്ങൾ മുതലായവ ആസൂത്രണം ചെയ്തു നടപ്പാക്കാനും ചുമതലപ്പെടുത്തിയിരുന്നു. തുടക്കത്തിൽ വളരെ കാര്യക്ഷമമായി നടന്ന പദ്ധതി കോവിഡിനുമുമ്പ് വരെ ചില സ്കൂളുകളിൽ സജീവമായിരുന്നു. കുട്ടികളിലെ ഒട്ടേറെ ആരോഗ്യ- മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിച്ചിരുന്നു. എന്നാൽ, താൽക്കാലികമായി നിയമിക്കപ്പെട്ടവരുടെ കരാർ കാലാവധി അവസാനിച്ചതോടെ പദ്ധതി നിലച്ചു. പിന്നീട് നിയമനം നടന്നില്ല. നിലവിൽ ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും സ്കൂൾ ഹെൽത്ത് നഴ്സുമാരുടെ സേവനം ലഭ്യമല്ല. വരുന്ന അധ്യയന വർഷത്തിലെങ്കിലും സ്കൂൾ ഹെൽത്ത് നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.