ആലപ്പുഴ: വർഷങ്ങൾക്കു മുമ്പ് പഠിച്ചിറങ്ങിപ്പോയ വിദ്യാലയത്തിേലക്ക് പലരും തിരികെ വരുന്നത് പൂർവ വിദ്യാർത്ഥി സംഗമത്തിനായാണ്. ഇവിടെ ഇതാ ഒരു വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ മടങ്ങിവന്നിരിക്കുന്നു, പ്രളയത്തിൽ മുങ്ങിയവർക്ക് തുഴയായി. സർവം നഷ്ടമായവർക്ക് തുണയായി. ആലപ്പുഴ ജില്ലാ കോടതിക്ക് സമീപത്തെ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കാണേണ്ടതു തന്നെയാണ്. എല്ലാം കൊണ്ടും ഒരു മാതൃകാ ക്യാമ്പ്.
വീട്ടിലേക്ക് വിരുന്നുവന്നവരെ എന്ന പോലെ ഒാരോ അഭയാർത്ഥികളെയും ക്യാമ്പിലേക്ക് ആദരപൂർവം സ്വീകരിക്കുന്നു. ഒന്നിനും ഒരു കുറവും ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധ ബുദ്ധിയുള്ള വീട്ടുകാരണവരെപ്പോലെ പ്രളയ ബാധിതരെ പരിചരിക്കുന്നു ക്യാമ്പിലെ ഒാരോ പ്രവർത്തകരും. അവരിൽ ഇതേ സ്കൂളിൽ പഠിച്ച് ഡോക്ടർമാരും വക്കീലുമാരും എഞ്ചിനീയർമാരും ഉദ്യോഗസ്ഥരുമെക്കെയായവരുണ്ട്.. അതൊന്നുമല്ലാത്ത സാധാരണക്കാരുമുണ്ട്... ഒരു വിദ്യാലയം സംഭാവന ചെയ്ത എല്ലാത്തരക്കാരുമുണ്ട്... ഒപ്പം സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പൽ ഇന്ദുദത്തിന്റെ നേതൃത്വത്തിൽ അധ്യാപകരും ഒരേപോലെ കൈകോർത്തുപിടിക്കുന്നു... എല്ലാ സഹായത്തിനും നാട്ടുകാരുമുണ്ട് കൂടെ..
ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്ത് നിരവധി പേരുടെ ജീവൻ രക്ഷിച്ച സ്ക്വാഡ്രൻ ലീഡർ റോൺ റോബർട്ട് ഇൗ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. റോബർട്ടിന്റെ ഹെലിക്കോപ്റ്ററിനെ ശ്രദ്ധയാകർഷിച്ച് വരുത്തി ഒരു യുവാവ് സെൽഫി എടുത്ത ശേഷം തിരിച്ചയച്ചത് വാർത്തയായിരുന്നു. റോബർട്ടിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ക്യാമ്പിനുണ്ട്.. ഇതൊരു ദുരിതാശ്വാസ ക്യാമ്പല്ല, വാനോളമുയർത്തിയ വിദ്യാലയം സമൂഹത്തോടുള്ള കടം വീട്ടുകയാണ്..
400 ഒാളം പേരാണ് ഇൗ ക്യാമ്പിലുള്ളത്. സ്കൂൾ വളപ്പിലേക്ക് കടത്തിവിടുന്ന വാഹനങ്ങൾക്ക് പോലും നിയന്ത്രണങ്ങളുണ്ട്. ക്യാമ്പിലേക്ക് ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങൾ, രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ്, മറ്റ് അത്യാവശ്യ വാഹനങ്ങൾ എന്നിവയല്ലാതെ ഒന്നും അകത്തേക്ക് കയറ്റിവിടുന്ന പ്രശ്നമില്ല. സദാസമയവും മെഡിക്കൽ സംഘത്തിെൻറ സജീവ സാന്നിദ്ധ്യം ക്യാമ്പിലുണ്ടാകും. ഇതേ സ്കൂളിൽ പഠിച്ച് ഡോക്ടർമാരായവരുമുണ്ട് ഇൗ സേവനത്തിൽ. ജനങ്ങൾക്ക് ചികിത്സയും ആവശ്യത്തിന് മരുന്നുകളും ലഭിക്കുന്നുണ്ടന്ന് ക്യാമ്പ് നിവാസികൾ ഒന്നടങ്കം പറയുന്നു. സ്കൂളിെൻറ മുക്കും മൂലയും ശുചിത്വ പൂർണ്ണമാക്കിയിരിക്കുകയാണ്. അവർ താമസിക്കുന്ന ക്ലാസ് മുറികളിൽ ചെരുപ്പ് ഉപയോഗിച്ച് കയറുന്നത് നിരോധിച്ചിരിക്കുന്നു. വൃത്തിയോടേയും വെടിപ്പോടേയും തയ്യാറാക്കുന്ന മികച്ച ഭക്ഷണം ആവശ്യത്തിന് ഇവിടെ ലഭിക്കുന്നു.
ക്യാമ്പങ്ങൾക്ക് ആശ്വാസമേകാൻ വൈകുന്നേരങ്ങളിൽ കലാ പരിപാടികളും മത്സരങ്ങളും സമ്മാനദാനവുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്. ഒാണനാളിൽ വീടണയാൻ കഴിഞ്ഞില്ലെങ്കിലും വേവലാതിയില്ലാതെ ഒാണം കൊള്ളാനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്ന് ക്യാമ്പ് ഭാരവാഹികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.