കോഴിക്കോട്: സാമ്പത്തിക വർഷത്തി​െൻറ അവസാന നാളിൽ ജില്ലയിലെ ട്രഷറികളിൽ വൻ തിരക്ക്. മിക്കയിടത്തും ഇടപാടുകൾ അർധരാത്രിവരെ നീണ്ടു. ഒരാഴ്ചയോളമായി ട്രഷറികളിൽ തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ചയാണ് തിരക്ക് പാരമ്യത്തിലെത്തിയത്. നിന്നുതിരിയാനിടയില്ലാത്ത സ്ഥിതിയിലായിരുന്നു ജീവനക്കാർ. കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് ഇന്നലെ കോഴിക്കോട്, താമരശ്ശേരി ജില്ല ട്രഷറികളിലും സബ് ട്രഷറികളിലുമായി മാറിയത്. ഇവയിൽ നല്ലൊരുപങ്കും തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടേതായിരുന്നു. രാവിലെ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് അർധരാത്രിക്കുശേഷമാണ് ഒാഫിസ് വിടാനായത്. സാമ്പത്തിക വർഷാവസാനത്തെ തിരക്കൊഴിവാക്കാന്‍ ട്രഷറികളില്‍ വിപുല ഒരുക്കം ധനവകുപ്പ് നടത്തിയത് ഏറെ ഗുണം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. 

എല്ലാ വകുപ്പ്‌ മേധാവികളും ഡി.ഡി.ഒമാരും വൈകീട്ട് അഞ്ചുമണിക്ക്‌ മുമ്പായി ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കണം, നടപ്പ്‌ സാമ്പത്തിക വർഷത്തെ അലോട്ട്മ​െൻറുകൾ മാർച്ച്‌ 29ന്‌ മുമ്പ്‌ ട്രഷറികളിൽ സമർപ്പിച്ചെന്ന്‌ ബന്ധപ്പെട്ട നിയന്ത്രണാധികാരികൾ ഉറപ്പുവരുത്തണം തുടങ്ങിയ സർക്കാർ നിർദേശങ്ങൾ ട്രഷറി ഇടപാടുകൾ എളുപ്പമാക്കുന്നതിന് സഹായിച്ചു. 

നിർദിഷ്ട സമയപരിധിക്കുള്ളിൽ ട്രഷറികളിൽ സ്വീകരിച്ച ബില്ലുകളിൽ മാർച്ച്‌ 31ന് രാത്രി 12 മണിക്ക്‌ മുമ്പ്‌ മാറ്റിനൽകാൻ കഴിയാതെ വരുന്നവ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തി പുതിയ സാമ്പത്തിക വർഷത്തിലെ പ്രവൃത്തി ദിവസങ്ങളിൽ മാറിനൽകുമെന്ന് ധനവകുപ്പ് അറിയിച്ചതിനാൽ രാത്രിയിൽ തിരക്ക് കുറവായിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ട്രഷറികളിൽ സമർപ്പിക്കുന്ന ബില്ലുകൾക്ക്‌ ക്രമനമ്പരും സ്വീകരിച്ച സമയവും രേഖപ്പെടുത്തിയുള്ള ടോക്കൺ ലഭ്യമാക്കിയിരുന്നു. ഈ ടോക്കണുകളുടെ മുൻഗണനാക്രമത്തിലാണ് ബില്ലുകൾ പാസാക്കിയത്.

ഇപ്രകാരം ടോക്കൺ ലഭിച്ച ബില്ലുകൾ മാറിനൽകാൻ സാധിക്കാതെ വന്നാൽ ബിൽതുക പാഴാകില്ല. ബില്ലുകൾ പുതിയ സാമ്പത്തിക വർഷത്തിൽ മുൻഗണനാക്രമത്തിൽ മാറിനൽകും. ശനിയാഴ്ച ജില്ല ട്രഷറിയിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും അവസാന ദിവസം ട്രഷറികളില്‍ വന്‍ തിരക്കായിരുന്നു. അന്ന് ചില ട്രഷറികള്‍ പുലര്‍ച്ച വരെയാണ് പ്രവര്‍ത്തിച്ചത്. ചെലവുകള്‍ സാമ്പത്തികവര്‍ഷത്തി​െൻറ അവസാന മാസത്തേക്ക് മാറ്റിവെക്കുന്ന പതിവ് ഇത്തവണയും ഒഴിവാക്കാനായില്ല. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സാമ്പത്തിക അച്ചടക്കം പാലിക്കാത്തതാണ് ചെലവുകള്‍ സാമ്പത്തിക വര്‍ഷത്തി​െൻറ അവസാന നാളിലെത്തിക്കുന്നത്.

Tags:    
News Summary - sbt last day transaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.