തൃശൂർ: 2022 ലോകകപ്പ് ഫുട്ബാൾ മത്സരത്തിെൻറ ഉദ്ഘാടനം സംഗീതസാന്ദ്രമാക്കാൻ ഖത്തർ വിളിക്കുന്നു. സംഗീത ബാൻഡിലെ സാക്സഫോൺ വാദനത്തിന് 14 പേരുടെ ഒഴിവാണ് ശേഷിക്കുന്നത്. സ്കൂൾ കലോത്സവത്തിൽ ഖത്തറിനും ഫുട്ബാളിനും എന്തെന്നല്ലേ? മറ്റൊന്നുമല്ല, കുഞ്ഞുങ്ങളോട് വിധികർത്താക്കൾക്കുള്ള ഉപദേശമാണ്, അവസരങ്ങൾ കാണാതെ പോകരുതെന്ന്.
മോഡൽ ബോയ്സ് ഹൈസ്കൂളിൽ നന്ത്യാർവട്ടം വേദിയിൽ ബ്യൂഗിൾ-ക്ലാരനറ്റ് മത്സരം വിധിനിർണയിച്ച സതീഷ് ചന്ദ്രൻ ചേർത്തല, ഹരിദാസ് മലപ്പുറം, അഗസ്റ്റിൻ തൃശൂർ എന്നിവർ ഏകകണ്ഠമായാണ് കുഞ്ഞുകലാകാരന്മാരോട് ഭാവിയിലേക്ക് കണ്ണയക്കാൻ പറഞ്ഞത്.
ഖത്തർ ലോകകപ്പ് ഫുട്ബാൾ വേദിയിൽ സാക്സഫോൺ വായിക്കുന്ന 20 പേർ വേണം. അവിടെ ഇൗ കലാകാരന്മാർ ഇല്ല. ഒന്നുകൂടി ആഞ്ഞുശ്രമിച്ചാൽ ഖത്തറിലേക്ക് വിമാനം കയറാനും സ്വപ്നതുല്യമായ പ്രകടനം നടത്താനുമുള്ള അവസരമാണ് തെളിയുന്നത്. അവിടെ പ്രായം പ്രശ്നവുമല്ല -വിധികർത്താക്കൾ പറഞ്ഞു.
മിലിട്ടറി, പാരാമിലിട്ടറി മേഖലയിൽ രാജ്യത്തിനകത്തും മ്യൂസിക് ബാൻഡിൽ വിദേശത്തും അനന്ത ജോലിസാധ്യതയുള്ളതാണ് ക്ലാരനറ്റ്, സാക്സഫോൺ, ട്രമ്പറ്റ് എന്നിവ. ബാൻഡ് വാദ്യത്തോടൊപ്പം അഭ്യസിക്കുന്നവർ കൂടുതൽ പ്രയത്നമില്ലാതെ ഗ്രേഡും ഗ്രേസ് മാർക്കും അടിച്ചെടുക്കാമെന്ന കാഴ്ചപ്പാടിൽനിന്ന് പുറത്തുവരണമെന്നും വിധികർത്താക്കൾ പറയുന്നു. 12 പേർ പങ്കെടുത്ത മത്സരത്തിൽ ആറു പേർക്ക് എ ഗ്രേഡും അഞ്ചു പേർക്ക് ബിയും ഒരാൾക്ക് സി ഗ്രേഡും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.