വി.ഡി. സതീശൻ, കെ.എൻ. ബാലഗോപാൽ
സതീശനും ബാലഗോപാലും നേർക്കുനേർ; പരിധിവിട്ട് കടമെടുത്തെന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി മുൻധനമന്ത്രി
തിരുവനന്തപുരം: പരിധിവിട്ട് കടമെടുത്തത് കഴിഞ്ഞ സർക്കാറാണെന്നും നികുതിഭാരം അടിച്ചേൽപ്പിക്കാതെ ഖജനാവ് നിറക്കുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിന് മനസ്സിലായില്ലെന്ന് തോന്നുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകായിരുന്നു മുഖ്യമന്ത്രി.
വായ്പാ പരിധി 3.5ൽനിന്ന് മൂന്നു ശതമാനമായി കേന്ദ്രസർക്കാർ കുറച്ചിരിക്കുകയാണ്. പിന്നെങ്ങനെയാണ് പരിധിവിട്ട് കടമെടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു. മുൻ സർക്കാറിന് കിട്ടിയിരുന്ന 55,000 കോടിയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും മുൻ ധനമന്ത്രി ബജറ്റിൽ എഴുതിവെച്ച കേന്ദ്രത്തിൽനിന്നുള്ള നികുതി ഡെവല്യൂഷൻ ആയ 14,000 കോടിയും കിട്ടിയില്ല.
ഇതിന് പുറമെ മുൻ സർക്കാർ വരുത്തിവെച്ച 38,000 കോടിയുടെ കുടിശ്ശിക ഭാരം. അതിൽ നല്ലൊരു ഭാഗം ഈ ഓണക്കാലത്ത് സർക്കാർ കൊടുത്തുതീർത്തു. അതോടെ ഓണം കളറായി. എല്ലാവരും നല്ല രീതിയിൽ ആഘോഷിച്ചു. അതിന്റെ ഫലമായി നികുതിവരുമാനം നല്ലരീതിയിൽ ഉയർന്നു. വാസ്തവത്തിൽ അതിൽ ധനമന്ത്രിയെന്ന നിലയിൽ തൃപ്തനല്ല. നികുതിവരുമാനം ഇനിയും കൂട്ടണം.
കൂടുതൽ ചെലവഴിച്ച് കൂടുതൽ വരുമാനമുണ്ടാക്കുകയാണ് നയം. അങ്ങനെയാണ് നികുതിവരുമാനം കൂട്ടി ഖജനാവ് നിറക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ കച്ചവടം കൂട്ടാനും അതുവഴി നികുതിവരുമാനം വർധിപ്പിക്കാനുമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളെ നോവിക്കാതെ നികുതി പിരിക്കണം. അത് പ്രതിപക്ഷ നേതാവിന് മനസ്സിലാകില്ല.
പ്രിയദർശിനി സൗജന്യയാത്ര നൽകിയിട്ടും കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് കലക്ഷനാണ്. സിവിൽ സപ്ലൈസിൽ ഓണക്കാലത്ത് 13 അവശ്യവസ്തുക്കളും സംസ്ഥാനം മുഴുവൻ ലഭ്യമായി. മാർക്കറ്റിനെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കുമെന്ന സർക്കാർ നയമാണ് ഇത്. കഴിഞ്ഞ സർക്കാറിന്റെ കടമടക്കം നൽകി, ഞങ്ങൾ മാർക്കറ്റിലേക്ക് പൈസ പമ്പ് ചെയ്തു. ആളുകളുടെ കൈയിൽ പൈസ വന്നു, ആളുകൾ അത് ചെലവാക്കി. അതിന് നികുതിയായി തിരിച്ചുകിട്ടി. ഈ കഴിഞ്ഞ മൂന്നു മാസം നികുതി വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നിയമപരമായും അനുവദിച്ച പരിധിക്ക് അകത്തുനിന്നും മാത്രമേ ഇടത് സർക്കാർ കടമെടുത്തിട്ടുള്ളൂവെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമർശം തെറ്റാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ സർക്കാർ കടമെടുത്തത് മൂലമുള്ള ബാധ്യതകൾ ഉള്ളതുകൊണ്ടാണ് ഇക്കുറി കടമെടുക്കേണ്ടി വന്നത് എന്നാണ് സതീശൻ പറയുന്നത്. ഇത് ശരിയല്ല. സാധാരണ സർക്കാറുകൾ കടമെടുക്കാറുണ്ട്.
പിന്നീട് വരുന്ന സർക്കാറുകൾ അത് അടച്ച് തീർക്കാറുമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെടുത്ത കടം ഇടത് സർക്കാറാണ് അടച്ചത്. കടമെടുത്ത് കേരളത്തെ മുടിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ ‘കടം എടുക്കാനുള്ളതാണല്ലോ’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബജറ്റിൽ പറഞ്ഞ പണം പോലും സർക്കാർ ചെലവാക്കുന്നില്ല. നിർമാണ പ്രവർത്തനങ്ങൾ എവിടെയും നടക്കുന്നില്ല. കഴിഞ്ഞ ഓണക്കാലത്ത് 20,000 കോടിയാണ് ചെലവഴിച്ചത്. ഇപ്പോൾ അത്രയും പണവും കൊടുത്തിട്ടില്ല. പൊതുവിതരണ സമ്പ്രദായത്തിൽ പ്രത്യേകം അഭിനന്ദിക്കേണ്ട കാര്യങ്ങൾ ഒന്നും കണ്ടില്ല.
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇനത്തിൽ പ്രതീക്ഷിച്ചിരുന്ന തുക കിട്ടിയില്ല എന്നത് ശരിയാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തോട് ഒന്നിച്ച് സമരം ചെയ്യാമെന്ന് തങ്ങൾ അറിയിച്ചിരുന്നതാണ്. കേരളത്തിനുവേണ്ടി ഇതൊന്നും ചെയ്യാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.