ഡ്രൈവർ ജോലിയിൽനിന്ന് വിരമിച്ച പോൾ ബസിനെ ചുംബിക്കുന്നു
ബസിനെ ചേർത്തുപിടിച്ച് ചുംബിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ വൈകാരിക വിടപറയൽ
കട്ടപ്പന: കെ.എസ്.ആർ.ടി.സി.യിൽനിന്ന് വിരമിച്ച ഡ്രൈവറുടെ ബസിനോടുള്ള വൈകാരിക വിടപറയൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി. കുമളി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ ഡ്രൈവർ പോൾ കുര്യന്റെ വിരമിക്കൽ നിമിഷമാണ് വേറിട്ട കാഴ്ചയായത്. കട്ടപ്പന കൈരളിപ്പടിയിൽ തെക്കെ കരോട്ട് പോൾ കുര്യൻ, 18 വർഷത്തെ സേവനത്തിനുശേഷമാണ് ഡ്രൈവിങ് ഡ്യൂട്ടി അവസാനിപ്പിച്ച് പടിയിറങ്ങിയത്. ഒക്ടോബർ 31നാണ് ഔദ്യോഗിക വിരമിക്കൽ.
പോൾ ആദ്യം ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി നേരെ താഴെയുള്ള മുൻടയറിൽ തൊട്ടു വണങ്ങി. തുടർന്ന് എല്ലാ ടയറുകളിലും തൊട്ടുവണങ്ങി ബസിന്റെ മുന്നിലെത്തി എൻജിനിൽ ചുംബിച്ചു. ആ നിമിഷം ഇരു കണ്ണുകളും നിറഞ്ഞൊഴുകി. ഈ രംഗങ്ങൾ സഹപ്രവർത്തകൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കുമളി കെ.എസ്.ആർ.ടി.സി സ്റ്റാഫ് ഗ്രൂപ്പിൽ ഇട്ടു. തുടർന്ന് കുമളി ഡിപ്പോയിൽ ജോലി ചെയ്തിരുന്ന കോട്ടയത്തെ ജീവനക്കാരൻ അനന്തുവാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു.
എട്ടു വർഷമായി പോൾ കുമളി -കമ്പം റൂട്ടിൽ സർവിസ് നടത്തുന്ന RPE 741 ബസിലെ ഡ്രൈവറായി സേവനം ചെയ്യാൻ തുടങ്ങിയിട്ട്. ബസിനെ പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തന്നെ ബസിനോടുള്ള വിടപറയൽ വലിയ മനോവിഷമത്തിനിടയാക്കിയെന്ന് പോൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ബസ് ഒരിക്കൽ പോലും കേടായി വഴിയിൽ കിടക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. അതിനാൽ അത്രമാത്രം ഹൃദയത്തോട് ചേർന്ന വാഹനമായിരുന്നു ഇത്. ബസ് നല്ല കണ്ടീഷനിൽ കൊണ്ടുനടക്കാൻ മെക്കാനിക്കൽ സെക്ഷനിലെ ജീവനക്കാരും സഹകരിച്ചിരുന്നു. ബസ് കഴുകുന്നതും തനിയെ ആയിരുന്നു. ബസിലെ ഡ്രൈവിങ് ഉപേക്ഷിക്കാൻ മനസ്സ് ഒട്ടും പാകപ്പെട്ടിരുന്നില്ലെന്ന് പോൾ പറയുന്നു. പോളിന്റെ ഭാര്യ: സൂസമ്മ. മക്കളായ അന്ന ടി.ടി.സിക്കും എബിൻ ബി.സി.എക്കും പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.