തോമസ് ഐസക്
10 വർഷത്തെ അധികാരത്തിന് പിന്നാലെ അഹങ്കാരം; സി.പി.എമ്മിന്റെ തിരിച്ചടിക്ക് കാരണം നിരത്തി തോമസ് ഐസക്
വള്ളികുന്നം: തുടർച്ചയായി 10 വർഷം അധികാരത്തിലിരുന്നതോടെ താഴേത്തട്ടിൽ വരെ അഹങ്കാര മനോഭാവം ഉണ്ടായതാണ് തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ശൂരനാട് സമര സ്മാരകമായി മണക്കാട് ജങ്ഷനു സമീപം സി.പി.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിക്കു നിർമിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വിട്ടുപോകുന്നവരെ തടയേണ്ടതില്ലെന്നും ‘പോയാൽ സൗകര്യം’ എന്ന ചിലരുടെ നിലപാടും തിരിച്ചടിക്ക് ശക്തി വർധിപ്പിച്ചു. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലല്ലോ എന്ന സൗകര്യമാണ് പലരും നോക്കിയത്. തെരഞ്ഞെടുപ്പിലെ തോൽവിക്കും ന്യൂനപക്ഷ വോട്ടുകൾ ചോർന്നതിനും കാരണം സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന കള്ളപ്രചാരണവും കാരണമായി. ഇത്തരം പ്രചാരണങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് ചില പ്രസ്താവനകളും വർത്തമാനങ്ങളും ഉണ്ടായി. സ്വന്തം ഫോൺ സംഭാഷണങ്ങൾ പോലും ചോർത്തപ്പെടുമോ എന്ന് ഭയന്നാണ് പാർട്ടി വേദികളിൽ വരെ സംസാരിക്കേണ്ടിവരുന്നത്.
സഹകരണ ബാങ്കുകളിലെയും പഞ്ചായത്തുകളിലെയും പണം പൊതുസ്വത്താണെന്നും അത് സ്വന്തം വീട്ടിലെ പണമോ പാർട്ടിയുടെ പണമോ അല്ലെന്നും ചുമതല വഹിക്കുന്നവർ മനസ്സിലാക്കണം. എടുത്ത പണം തിരികെ അടക്കാത്തവരെ പാർട്ടിയിൽനിന്ന് പുറത്താക്കുക മാത്രമല്ല സ്വത്ത് പിടിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മോശപ്പെട്ട സാഹചര്യങ്ങളേക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പരസ്യപ്രതികരണങ്ങളെ പൂർണമായി ശരിവെച്ച് ജി. സുധാകരൻ എം.എൽ.എ ശരിവെച്ചു. തോമസ് ഐസക് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് താൻ ആദ്യമായാണ് കേൾക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഈ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ എന്നെപ്പോലുള്ളവർക്ക് സ്വയം പാർട്ടി വിടേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.