കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; ആത്മഹത്യ ഭീഷണി മുഴക്കി സജി സരുൺ

ഇടുക്കി: ഇടുക്കിയിൽ ഫോറസ്റ്റ് സ്റ്റേഷനിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ശ്രമം. കണ്ണംപടി മുല്ലപുത്തൻപുരയ്ക്കൽ സരുൺ സജിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ആത്മഹത്യ ശ്രമത്തിൽ നിന്ന് യുവാവി​നെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉപ്പുതറ പൊലീസും സ്ഥലത്തുണ്ട്. കുരുക്കിട്ട കയറും കത്തിയും ഒരു ബാഗും സരുണിന്റെ കൈവശമുണ്ട്. കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് വനപാലകർ കള്ളക്കേസെടുത്തെന്ന് തെളിഞ്ഞിട്ടും കേസ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സരുണിന്റെ ആത്മഹത്യ ശ്രമം.

2022 സെപ്റ്റംബർ 20ന് ആണ് കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ സരുണിനെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു കേസ്. ഇതു കള്ളക്കേസാണെന്ന് ഉന്നതതല അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സരുണിന്റെ ഓട്ടോറിക്ഷ അടക്കമുള്ള വസ്തുക്കൾ തിരികെ നൽകിയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കിയില്ല.

സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും ഗോത്രവർഗ കമ്മിഷനും റിപ്പോർട്ട് തേടിയശേഷം വനപാലകർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

സസ്​പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു. 10 ദിവസം ജയിലിൽ റിമാൻഡിൽ കഴിഞ്ഞ തനിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സരുൺ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. 

Tags:    
News Summary - Sarun Saji threatened to commit suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.