കൊച്ചി: മത്തി കുറയുന്നതിന് പിന്നിലെ സൂക്ഷ്മ രഹസ്യങ്ങൾ തേടി ഗവേഷകർ. മത്തി ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഗവേഷകർ ചൊവ്വാഴ്ച കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ഒത്തുകൂടും. മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ തിരിച്ചറിയാനും കരുതൽ നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് ചർച്ച.
കാലാവസ്ഥ വ്യതിയാനം, സമുദ്ര പ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹിക-സാമ്പത്തിക കാര്യങ്ങൾ എന്നീ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. രാവിലെ 9.30ന് ആരംഭിക്കും.
മത്തി ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എൽനിനോ-ലാനിനാ പ്രതിഭാസമാണെന്ന് സി.എം.എഫ്.ആർ.ഐ അടുത്തിടെ കണ്ടെത്തിയിരുന്നു. കടലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങൾ എങ്ങനെയാണ് മത്തിയെ ബാധിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാപനങ്ങളിലെ ഗവേഷകരെ കൂടി പങ്കെടുപ്പിച്ച് ചർച്ച നടത്തുന്നത്. മത്തിയുടെ കുറവ് എങ്ങനെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നും പഠിക്കും.
സി.എം.എഫ്.ആർ.ഐക്ക് പുറമെ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസസ് (ഇൻകോയിസ്), ഐ.എസ്.ആർ.ഒക്ക് കീഴിലെ സ്പേസ് ആപ്ലിക്കേഷൻസ് സെൻറർ, പുെനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയറോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നിവിടങ്ങളിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. സി.എം.എഫ്.ആർ.ഐ തയാറാക്കിയ ‘മത്തി എന്ന മത്സ്യസമസ്യ’ പുസ്തകം പ്രകാശനം ചെയ്യും. സി.എം.എഫ്.ആർ.ഐയുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം കേരളത്തിൽ മത്തി ലഭ്യത 39 ശതമാനമാണ് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.