സമയക്രമത്തിന്‍െറ പ്രശ്നം; കാണികള്‍ ‘പുറത്തായ’ സന്തോഷ് ട്രോഫി

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതമത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കോഴിക്കോട്ടെ ഫുട്ബാള്‍ ആരവം എവിടെയായിരുന്നുവെന്ന് ചോദിക്കാത്തവര്‍ കുറവായിരിക്കും... നീണ്ട ഇടവേളക്കുശേഷം സന്തോഷ് ട്രോഫിയുടെ യോഗ്യത മത്സരങ്ങള്‍ കോഴിക്കോട്ടത്തെിയിട്ടും ജനം ഏറ്റെടുക്കാത്തതിനു തെളിവായിരുന്നു കാണികളുടെ കുറവ്. കളി കാണാന്‍ പറ്റാത്തതില്‍ ആരാധകര്‍ക്കുമുണ്ട്  വിഷമം. ടിക്കറ്റുകള്‍ സൗജന്യമാക്കിയിട്ടും കാണികള്‍ കുറഞ്ഞത് സമയക്രമത്തിന്‍െറ പ്രശ്നംതന്നെയാണെന്നാണ് വിലയിരുത്തല്‍.  പൊരിവെയിലത്ത് ജോലി ഒഴിവാക്കി മത്സരം കാണാന്‍ പലരും തയാറായില്ല.
ജനുവരി അഞ്ചു മുതല്‍ 10 വരെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ മത്സരങ്ങളിലെല്ലാം കാണികളുടെ കുറവ് പ്രകടമായിരുന്നു.  കേരളത്തിന്‍െറ കളി നടന്ന ദിവസം കുറച്ചധികം പേര്‍ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച  ഒഴുക്കുണ്ടായില്ല. ഇതര ജില്ലകളില്‍നിന്നും കാണികള്‍ കുറഞ്ഞു. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍  ഉച്ചക്ക് 1.45നും വൈകീട്ട് നാലിനുമാണ് മത്സരങ്ങള്‍ അരങ്ങേറിയത്.  ഒഴിവുദിവസമായ ഞായറാഴ്ച കേരളത്തിന്‍െറ മത്സരമില്ലാത്തതും ആരാധകരെ നിരാശയിലാക്കി.

എല്ലാ സോണല്‍ മത്സരങ്ങളുടെയും സമയക്രമം ഒരുപോലെയായിരിക്കണമെന്ന എ.ഐ.എഫ്.എഫിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഉച്ചക്ക് കളി നടത്തേണ്ടിവന്നതെന്ന് കെ.എഫ്.എ സെക്രട്ടറി പി. അനില്‍കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. മത്സരങ്ങള്‍ ഫ്ളഡ്ലിറ്റില്‍ നടത്തണമെന്നഭ്യര്‍ഥിച്ച് എ.ഐ.എഫ്.എഫിനു കത്തു നല്‍കിയിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മുന്‍ വര്‍ഷങ്ങളില്‍ നടന്ന പ്രധാന ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളില്‍ കണ്ട ആരാധകപ്രവാഹത്തിനാണ് ഇക്കുറി കോട്ടംതട്ടിയത്. 2005ല്‍ കോഴിക്കോട്ട് നടന്ന ദേശീയ ഫുട്ബാള്‍ ലീഗില്‍ എസ്.ബി.ടിയുടെ കളികാണാന്‍ സ്റ്റേഡിയം നിറയെ കാണികളത്തെിയിരുന്നു. പലരും ടിക്കറ്റ് ലഭിക്കാതെയാണ് അന്ന് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന നാഗ്ജി ടൂര്‍ണമെന്‍റും സന്തോഷ് ട്രോഫി യോഗ്യതമത്സരത്തേക്കാള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. 2012ലെ നായനാര്‍ കപ്പും 2015ല്‍ കോഴിക്കോട്ട് നടന്ന 35ാമത് ദേശീയ ഗെയിംസ് ഫുട്ബാള്‍ മത്സരങ്ങളിലും വന്‍ ജനപങ്കാളിത്തത്തിന് നഗരം സാക്ഷ്യംവഹിച്ചിരുന്നു.  സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് കോഴിക്കോട് വേദിയാകുകയാണെങ്കില്‍ ഫ്ളഡ്ലിറ്റ് മത്സരത്തിനാകും സാധ്യത. അങ്ങനെയെങ്കില്‍ കൂടുതല്‍ കാണികള്‍ കളികാണാനത്തെുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Tags:    
News Summary - santhosh-trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.