ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകേണ്ടത് നിയമപരമായ ബാധ്യതയെന്ന് ശുചിത്വ മിഷൻ

തിരുവനന്തപുരം : വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർ ഫീ ഈടാക്കുന്നതിനും തദേശസ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ. യൂസർ ഫീ നൽകേണ്ടതില്ലെന്നുള്ള വ്യാജ പ്രചരണത്തിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം എട്ട് (മൂന്ന്) പ്രകാരം തദേശസ്ഥാപനങ്ങൾ പ്ളാസ്റ്റിക് ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസർഫീ വീടുകളിലും, സ്ഥാപനങ്ങളിലും നൽകാൻ ബാധ്യസ്ഥരാണ്. ചട്ടങ്ങൾ പ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും, മുൻസിപ്പാലിറ്റികളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിരുന്നു.

ഓരോ തദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ബൈലോ നടപ്പിലാക്കി വരുന്നു. ഇത് പ്രകാരം വീടുകളിലും, സ്ഥാപനങ്ങളിലും ഉപയോഗിച്ചു കഴിഞ്ഞ പ്ളാസ്റ്റിക്കുകൾ ഹരിതകർമ്മ സേനയ്ക്ക് നൽകി, നിശ്ചയിച്ചിട്ടുള്ള യൂസർഫീ കൊടുക്കണം. 2020 ആഗസ്റ്റ് 12 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസർഫീ നിർബന്ധമാക്കി.

പ്ളാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറി യുന്നവർക്കും, കത്തിക്കുന്നവർക്കുമെതിരെ 10,000 രൂപ മുതൽ 50,000 രൂപ വരെ ചുമത്താൻ ബൈലോയിലൂടെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു

Tags:    
News Summary - Sanitation Mission says it is a legal obligation to pay the user fee to Haritakarma Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.