‘ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി വരുന്നവരാണ് ഈ ആക്രമണം നടത്തുന്നത്, അവരെ തിരിച്ചറിയുക’ -ഒഡിഷയിൽ ക്രൂരമർദനത്തിനിരയായ മലയാളി വൈദികരെ വി.ഡി. സതീശൻ സന്ദർശിച്ചു

കൊച്ചി: ഒഡിഷയിൽ ക്രൂരമായ ആക്രമണത്തിനിരയായ മലയാളി വൈദികരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. ഒഡീഷ സാമ്പര്‍പ്പൂരില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുചിന്ദ ഗ്രാമത്തിലെ കാര്‍മല്‍ നികേതനില്‍ താമസിച്ചിരുന്ന വൈദികരെ മെയ് 22ന് രാത്രിയാണ് മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചത്. ക്രിസ്മസിനും ഈസ്റ്ററിനും കേക്ക് നൽകുന്നവരാണ് ഈ ആക്രമണത്തിന് നേതൃത്വം നൽകുന്നതന്ന് സതീശൻ പറഞ്ഞു.

‘90 വയസ്സുള്ള വൈദികനെ വരെ അതിക്രൂരമായി ആക്രമിച്ചു. മറ്റൊരു ചെറുപ്പക്കാരനായ വൈദികൻ ഫാ. സിൽവിയെ കെട്ടിയിട്ട് മർദിച്ചു. ഇതിവിടെ മാത്രം നടക്കുന്നതല്ല. മധ്യപ്രദേശ്, ഒഡിഷ, ഛത്തിസ്ഗഢ്, ഗുജറാത്ത് എന്നീസംസ്ഥാനങ്ങളിൽ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഇവിടങ്ങളിൽ ചില കൊള്ളസംഘങ്ങൾക്ക് സർക്കാർ രണ്ടുമാസത്തെ സമയം നൽകി എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും കൊള്ളയടിക്കാൻ അനുവാദം നൽകുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഒന്നുകിൽ ബജ്രങ് ദൾ ആക്രമിക്കും. അല്ലെങ്കിൽ സംഘ്പരിവാരുമായി ബന്ധപ്പെട്ടവരോ പൊലീസോ ഗുണ്ടാസംഗങ്ങളോ ആക്രമിക്കും. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം ഒഡിഷയിലെ ഒരു വൈദികനെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ തോളെല്ല് അക്രമികൾ തകർത്തുവെന്നാണ് പറഞ്ഞത്. എല്ലാ ദിവസവും എന്നത് പോലെയാണ് ആക്രമണം നടക്കു​ന്നതെന്ന് ജബൽപൂരി​ലെ ബിഷപ്പ് പറയുന്നത്. ക്രിസ്മസിനും ഈസ്റ്ററിനും കേക്ക് നൽകുന്നവരാണ് ഈ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. അവരെ തിരിച്ചറിയണം’- വി.ഡി. സതീശൻ പറഞ്ഞു.

മെയ് 22ന് രാത്രി നായുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഫാ. സില്‍വിൻ ഉണര്‍ന്നത്. ടോര്‍ച്ചുമായി പ്രധാന കവാടത്തിലേക്ക് എത്തിയ അദ്ദേഹത്തെ അക്രമികൾ കീഴടക്കി. സംഘത്തിലെ മറ്റ് അംഗങ്ങള്‍ പ്രധാന കവാടം തകര്‍ത്ത് ഫാ. സില്‍വിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ചു. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു കൊള്ളക്കാരുടെ ആക്രമണം. തുടര്‍ന്ന് അവിടെ താമസിച്ചിരുന്ന വീട്ടുജോലിക്കാരിയുടെ മുറിയില്‍ അതിക്രമിച്ചു കയറി കൈകളും വായും കെട്ടി. മറ്റൊരു വൈദികനായ ഫാ. ലിനസിനെ മുറിയില്‍ കയറി പുറത്തേക്ക് വലിച്ചിഴച്ചു. കമഴ്ത്തിക്കിടത്തി കെട്ടിയിട്ട് ദണ്ഡുകൾ കൊണ്ട് മർദിച്ചു. അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുപ്പത് വയസ്സുള്ള ഫാ. സില്‍വിനാണ് ഏറ്റവുമധികം മര്‍ദ്ദനമേറ്റത്. അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റി. പുലര്‍ച്ചെ 4.30 വരെ കവര്‍ച്ച തുടര്‍ന്നു. മൂന്നുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 2023 മുതല്‍, കവര്‍ച്ചയുടെ മറവില്‍ ഒഡീഷയില്‍ വൈദികര്‍ക്കെതിരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണിതെന്നും വൈദികര്‍ പറഞ്ഞു. 

Tags:    
News Summary - Sangh Parivar attacking Christian churches across India says vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.