തിരുവനന്തപുരം: താനൂരിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്താൻ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും അനായാസം ചെയ്യാവുന്ന മൊബൈൽ ലൊക്കേഷൻ ട്രാക്കിങ് അല്ലാതെ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല. അതിലപ്പുറം പൊലീസിന്‍റെ യാതൊരു അന്വേഷണ മികവും ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസിൽ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയിൽ ഒരു അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടേ ഇല്ല. അതുകൊണ്ട് ഈ കേസിൽ ആരും കേരള പൊലീസിന്റെ മഹത്വം പറഞ്ഞ് വരണ്ട. ഇത്ര അൺ പ്രഫഷനൽ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്.പിക്ക് പട്ടും വളയും നൽകി ആദരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ, കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിന് ഒന്നരവര്‍ഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പൊലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കേണ്ടി വന്നത്? പാലാരിവട്ടംകാരനായ ഒരാളുടെ സലൂണ്‍ ആണിത്. അറിഞ്ഞ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ തയാറാണ്. മാധ്യമങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. ഒന്ന് രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തിരൂരിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ ആലുങ്ങൽ വീട്ടിൽ അക്ബർ റഹീമിനെയാണ് (26) താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാണാതായ പെൺകുട്ടികളുമായി നാലു മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി ഇയാൾ പരിചയപ്പെട്ടത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഫോൺനമ്പർ നിരീക്ഷിച്ചതിൽനിന്ന് ഇയാൾ മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം ഉണ്ടെന്നും വ്യക്തമായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;
കാണാതായ പെൺകുട്ടികളെ കണ്ടെത്തിയതിൽ കേരള പോലീസ് എന്തോ വലിയ അന്വേഷണ മികവ് കാണിച്ചു എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത് . വാസ്തവത്തിൽ പോലീസ് ഒരു പുല്ലും ചെയ്തിട്ടില്ല എന്നതാണ് സത്യം. ചെയ്യാമായിരുന്ന കാര്യങ്ങൾ പോലും ഇവർ ചെയ്തിട്ടില്ല. പെൺകുട്ടികളെ ഇവിടുന്ന് കൊണ്ടുപോയ ഒരുത്തനെ വിശ്വസിച്ച് അവൻ തിരികെ എത്തുന്നതുവരെ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നവരാണ് കേരള പോലീസിലെ ശിക്കാരി ശംഭുമാർ. അവൻ വഴിയിൽ വച്ച് മുങ്ങിയിരുന്നെങ്കിലോ മറ്റു വല്ലതും സംഭവിച്ചിരുന്നെങ്കിലോ മലപ്പുറം എസ്പി എന്ത് ചെയ്യുമായിരുന്നു ? കേസ് അന്വേഷണം തീരുന്നതിനു മുൻപേ പെൺകുട്ടികൾ അഡ്വഞ്ചറസ് ട്രിപ്പ് പോയതാണെന്ന് എസ് പി പത്രസമ്മേളനം വിളിച്ചു പറയുന്നു. കഷ്ടം.
പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും അനായാസം ചെയ്യാവുന്ന മൊബൈൽ ലൊക്കേഷൻ ട്രാക്കിംഗ് അല്ലാതെ കേരള പോലീസ് ഒന്നും ചെയ്തിട്ടില്ല. പെൺകുട്ടികൾ മുംബൈയിൽ എത്തിയ വിവരം ലഭിച്ചതിനുശേഷം മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ട് യോജിച്ച പ്രവർത്തനം നടത്താൻ പോലും കേരള പോലീസിന് കഴിഞ്ഞിട്ടില്ല.
പെൺകുട്ടികളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ആക്ടീവായതിനുശേഷം ആർപിഎഫ് കുട്ടികളെ കണ്ടെത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിലപ്പുറം കേരള പോലീസിന്റെ യാതൊരു അന്വേഷ മികവും ഈ കേസിൽ ഉണ്ടായിട്ടില്ല. മാത്രമല്ല കേസ് തീരുന്നതിനു മുൻപ് തന്നെ എസ്പി വിധിയെഴുതുകയും ചെയ്തു.
മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസിൽ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയിൽ ഒരു അന്വേഷണം നടത്താൻ പോലീസ് തയ്യാറായിട്ടേ ഇല്ല. അതുകൊണ്ട് ഈ കേസിൽ ആരും കേരള പോലീസിന്റെ മഹത്വം പറഞ്ഞ് വരണ്ട. ചെയ്യാവുന്നതുപോലും അവർ ചെയ്തിട്ടില്ല. ഇത്ര അൺ പ്രൊഫഷണൽ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്പിക്ക് പട്ടും വളയും നൽകി ആദരിക്കണം സർക്കാരേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.