'സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുമ്പോൾ ആ അച്ഛനെ ഫോണിൽ വിളിച്ച് ഒരു സംഘ്പരിവാർ നേതാവ് പറഞ്ഞത് എന്താണെന്നോ?'; വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിന്റെ മകൾ രുദ്ര എന്ന കൊച്ചുമിടുക്കിയുടെ ആത്മഹത്യ കേവലം ഒരു മരണമല്ല, മറിച്ച് ആർ.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പരാതി മാനേജ്‌മെന്റ് പൂഴ്ത്തിവെച്ചു. എന്നാൽ ഇതിനേക്കാൾ ഭീകരം മരണത്തിന് ശേഷം ആ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങളാണ്. മകൾ മരിച്ച അച്ഛനോട് പോലും നീതിക്ക് വേണ്ടി നിലകൊള്ളാതെ കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സന്ദീപ് പറയുന്നു.

"സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുമ്പോൾ ആ അച്ഛനെ ഫോണിൽ വിളിച്ച് ഒരു സംഘപരിവാർ നേതാവ് പറഞ്ഞത് എന്താണെന്നോ? "സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്" എന്ന്! സ്വന്തം പ്രവർത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാൾ വലുതാണ് ഇവർക്ക് സംഘടനയുടെ പ്രതിച്ഛായ.

സംഘപരിവാറിനിടയിൽ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ രാജേഷ് ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി ഇതിലും പരിതാപകരമായിരുന്നു. "കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്കൂളായി പോയില്ലേ..." എന്ന നിസ്സഹായാവസ്ഥയാണവർ പ്രകടിപ്പിച്ചത്."- സന്ദീപ് വാര്യർ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണു രുദ്ര രാജേഷിനെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലും തൂങ്ങിമരണം സ്ഥിരീകരിച്ചിട്ടുണ്ട്. രുദ്രയുടെ മരണം സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെത്തുടർന്നാണെന്ന് അച്ഛൻ രാജേഷ് തലക്കൊടി പരാതിപ്പെട്ടിരുന്നു. സീനിയർ വിദ്യാർഥികളിൽ നിന്നു മകൾ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായും പരാതിയിലുണ്ട്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

"സംഘത്തിന്റെ 'അഭിമാനം' സംരക്ഷിക്കാൻ ഒരു പിതാവിന്റെ കണ്ണീർ വിൽക്കരുത്. മനസ്സ് മരവിച്ചു പോയ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിന്റെ മകൾ രുദ്ര എന്ന ആ കൊച്ചു മിടുക്കിയുടെ ആത്മഹത്യ കേവലം ഒരു മരണമല്ല, മറിച്ച് ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണ്.

ഭക്ഷണം വിളമ്പുന്നതിനിടെ കറി തുളുമ്പി സീനിയേഴ്സിന്റെ ദേഹത്ത് വീണതിന്, ആ കൊച്ചു കുട്ടിയെ ബോഡി ഷെയ്മിംഗ് നടത്തിയും മാനസികമായി തളർത്തിയും മരണത്തിലേക്ക് തള്ളിവിട്ടവർ ഈ സമൂഹത്തിന് തന്നെ അപമാനമാണ്. ഹോസ്റ്റൽ വാർഡനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ ആ പരാതി മാനേജ്‌മെന്റ് പൂഴ്ത്തിവെച്ചു.

എന്നാൽ ഇതിനേക്കാൾ ഭീകരം മരണത്തിന് ശേഷം ആ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങളാണ്. സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുമ്പോൾ ആ അച്ഛനെ ഫോണിൽ വിളിച്ച് ഒരു സംഘപരിവാർ നേതാവ് പറഞ്ഞത് എന്താണെന്നോ? "സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്" എന്ന്! സ്വന്തം പ്രവർത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാൾ വലുതാണ് ഇവർക്ക് സംഘടനയുടെ പ്രതിച്ഛായ.

സംഘപരിവാറിനിടയിൽ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ രാജേഷ് ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി ഇതിലും പരിതാപകരമായിരുന്നു. "കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്കൂളായി പോയില്ലേ..." എന്ന നിസ്സഹായാവസ്ഥയാണവർ പ്രകടിപ്പിച്ചത്.

സഹതാപമല്ല രാജേഷിന് വേണ്ടത് നീതിയാണ്. മകൾ മരിച്ച അച്ഛനോട് പോലും നീതിക്ക് വേണ്ടി നിലകൊള്ളാതെ, കുറ്റക്കാരെ സംരക്ഷിക്കാൻ 'സംഘം' എന്ന ലേബൽ ഉപയോഗിക്കുന്ന ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്?

മറ്റേതെങ്കിലും സമുദായം നടത്തുന്ന സ്കൂളിലായിരുന്നു ഈ ദാരുണ സംഭവം നടന്നതെങ്കിൽ ഇപ്പോൾ അവിടെ ഈ നേതാക്കൾ താണ്ഡവമാടുമായിരുന്നു. എന്നാൽ സ്വന്തം സ്കൂളായപ്പോൾ കുറ്റവാളികളെ വെള്ളപൂശാനും രാജേഷിന്റെ കുടുംബത്തിനെതിരെ സൈബർ ഗുണ്ടകളെ വിട്ട് അധിക്ഷേപിക്കാനുമാണ് ഇവർ തുനിഞ്ഞത്.

വിരോധാഭാസമെന്നു പറയട്ടെ, തൊട്ടടുത്ത പഞ്ചായത്തിൽ താമസിക്കുന്ന ബിജെപിയുടെ ജില്ലാ പ്രസിഡന്റോ, രാജേഷിന്റെ വീടിന് അടുത്തുള്ള ബിജെപി-ആർഎസ്എസ് നേതാക്കളോ (വിരലിലെണ്ണാവുന്നവർ ഒഴിച്ച്) ഈ നിമിഷം വരെ ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും എത്തിയിട്ടില്ല. വർഷങ്ങളോളം ആ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഒരാൾക്ക് പോലും അവിടെ നീതിയില്ലെങ്കിൽ, സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?

രുദ്രയുടെ മരണത്തിൽ നീതി ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. പാലക്കാട് എസ്പിയുമായി ഈ വിഷയം ഞാൻ നേരിട്ട് സംസാരിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എസ്പി ഉറപ്പ് നൽകിയിട്ടുണ്ട്.

മനുഷ്യത്വത്തേക്കാൾ വലുതല്ല ഒരു സംഘടനയും. രുദ്രയുടെ മരണത്തിന് ഉത്തരവാദികളായവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ആ കുടുംബത്തിനൊപ്പം ഞാനുണ്ടാകും.നീതി നിഷേധിക്കപ്പെടരുത്.. ഞങ്ങൾ രുദ്രയുടെ കുടുംബത്തിനൊപ്പം"


Full View


Tags:    
News Summary - Sandeep varier sharply criticizes Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.