പാലക്കാട്: ഇന്ത്യയിൽ ഇൻറർനെറ്റിന്റെ അനന്തസാധ്യതകൾ രാഷ്ട്രീയത്തിൽ ഏറ്റവും ആദ്യം വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദിയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയുമാണ് മോദിയെ അധികാരത്തിലേറ്റിയതെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകൾ ഫേസ്ബുക്ക്, ട്വിറ്റർ തെരഞ്ഞെടുപ്പുകളായിരുന്നുവെങ്കിൽ 2024ൽ അത് ഇൻസ്റ്റാഗ്രാം യൂട്യൂബ് തെരഞ്ഞെടുപ്പുകളിലേക്ക് മാറിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ നിരീക്ഷിച്ചു.
2024ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെടുകയും രാഹുൽഗാന്ധി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കൊടുങ്കാറ്റ് പോലെ കടന്നുവരികയും ചെയ്തതോടെ ചിത്രം മാറിയെന്നും സന്ദീപ് വാര്യർ നിരീക്ഷിച്ചു.
'യുവാക്കളെ, ചെറുപ്പക്കാരെ പ്രചോദിപ്പിക്കുന്ന പുതിയ ഒന്നും ബി.ജെ.പിക്ക് നൽകാനുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലെ ഒരേ പാറ്റേൺ. ബി.ജെ.പിയുടെ കൈവശം ആകെ ഉണ്ടായിരുന്ന വീഡിയോ കൊണ്ടെന്റ് നരേന്ദ്രമോദി റാലികളിൽ പോകുന്നു. കൈവീശി കാണിക്കുന്നു. അതേസമയം, കോൺഗ്രസിന്റെ കൈവശം മികച്ച വീഡിയോ കണ്ടെൻറുകളാണ് ഉണ്ടായിരുന്നത്. ഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. പിന്നെ ധ്രൂവ് റാട്ടിയെ പോലെ യൂട്യൂബർ ഉണ്ടാക്കിയ ബിജെപി വിരുദ്ധ തരംഗം. ഇതു തിരിച്ചറിയാൻ ബിജെപി കേന്ദ്ര നേതൃത്വം വൈകിപ്പോയി'.-സന്ദീപ് കുറിച്ചു.
ബി.ജെ.പി ഐടി സെൽ ചുമതലയിൽ വർഷങ്ങളായിരിക്കുന്ന അമിത മാളവ്യ തന്റെ ഉത്തരവാദിത്വം മറന്ന് രാഷ്ട്രീയ നേതാവാകാൻ നടത്തിയ ശ്രമങ്ങളാണ് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ടീമിനെ തകർത്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സംഘികളിൽ അധികവും ഫേസ്ബുക്ക് അമ്മാവന്മാരാണെന്നും ഇൻസ്റ്റഗ്രാമിൽ അവർ കുറവാണെന്നും അതുകൊണ്ടുതന്നെ നാടിന്റെ പൾസ് അവർ തിരിച്ചറിയുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
"1999 മുതൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇതിൽ ഇടപെടുന്ന ആളുകളുടെ സ്വഭാവവും ജനക്കൂട്ടത്തെ ഇൻറർനെറ്റ് നിയന്ത്രിക്കുന്നതുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുല്ലപ്പൂ വിപ്ലവം മുതൽക്ക് ലോകത്ത് സാമൂഹിക മാധ്യമങ്ങൾ സമരങ്ങളെ സ്വാധീനിക്കുന്നതും അതിൻറെ ഗതി നിശ്ചയിക്കുന്നതും വർദ്ധിച്ചു വന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ മൂലം വലിയ ബഹുജനപ്രക്ഷോഭമായി മാറുകയും അത് പരിവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതൊക്കെ നമ്മുടെ കൺമുന്നിലാണ് സംഭവിച്ചത്.
ഇന്ത്യയിൽ ഇൻറർനെറ്റിന്റെ അനന്തസാധ്യതകൾ രാഷ്ട്രീയത്തിൽ ഏറ്റവുമാദ്യം ഏറ്റവും വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദി തന്നെയാണ്. പരമ്പരാഗത മാധ്യമങ്ങളെ അവഗണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നരേന്ദ്രമോദി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയും വലിയതായിരുന്നു . ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെന്റും അണ്ണാ ഹസാരേയുടെ ഉദയവും ആം ആദ്മി പാർട്ടി രൂപീകരണവും നിർഭയ പ്രക്ഷോഭവും എല്ലാം സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ നിന്ന് ഉണ്ടായതാണ്. തികച്ചും അരാഷ്ട്രീയവാദികൾ ആയിരുന്ന ഡൽഹിയിലെ യുവാക്കൾ രാഷ്ട്രപതി ഭവനിലേക്ക് വരെ ഗേറ്റ് ചാടി കടന്ന് പ്രക്ഷോഭവുമായി എത്തിയത് നമ്മൾ മറന്നിട്ടില്ല.
ഒരു ദശാബ്ദത്തിനിപ്പുറം സാമൂഹിക മാധ്യമങ്ങൾ വലിയതോതിൽ വളർന്നു. അതിലെ അംഗങ്ങളായ ഇന്ത്യക്കാരുടെ എണ്ണവും പതിന്മടങ്ങ് വർദ്ധിച്ചു. ഇന്നോരോ കുടുംബത്തിലും സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് ഉള്ളവരുണ്ട്.
2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകൾ ഫേസ്ബുക്ക് , ട്വിറ്റർ തെരഞ്ഞെടുപ്പുകളായിരുന്നു. ആ രണ്ടു തെരഞ്ഞെടുപ്പിലും ബിജെപിക്ക് പൂർണ്ണ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ 2024 എത്തിയപ്പോൾ ബിജെപി പ്രതീക്ഷിക്കാത്ത തരത്തിൽ ചിത്രം മാറി. കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെട്ടു. രാഹുൽഗാന്ധി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കൊടുങ്കാറ്റ് പോലെ കടന്നുവന്നു. അമേഠിയിൽ സ്മൃതി ഇറാനി പോലും പരാജയപ്പെട്ടു.
ബിജെപിക്ക് എന്തുകൊണ്ട് തിരിച്ചടി കിട്ടി എന്നതിന് ഒരു ഉത്തരമേയുള്ളൂ . 2024 ഇലക്ഷൻ 2014ലെയും 2019ലെയും പോലെ ഫേസ്ബുക്ക് ട്വിറ്റർ ഇലക്ഷൻ ആയിരുന്നില്ല. മറിച്ച് ഇൻസ്റ്റാഗ്രാം യൂട്യൂബ് ഇലക്ഷൻ ആയിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും വരുന്ന എഴുത്തു കുത്തുകൾ വായിച്ചിരുന്നതിൽ നിന്ന് ഇൻസ്റ്റയിലെയും യൂട്യൂബിലെയും വീഡിയോ കൊണ്ടെന്റുകളിലേക്ക് ജനം മാറി.
ബിജെപിയുടെ കൈവശം ആകെ ഉണ്ടായിരുന്ന വീഡിയോ കൊണ്ടെന്റ് നരേന്ദ്രമോദി റാലികളിൽ പോകുന്നു. കൈവീശി കാണിക്കുന്നു. പ്രസംഗിക്കുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലെ ഒരേ പാറ്റേൺ. പ്രത്യേകിച്ച് ഒരു മാറ്റവുമില്ല. യുവാക്കളെ, ചെറുപ്പക്കാരെ പ്രചോദിപ്പിക്കുന്ന പുതിയ ഒന്നും ബിജെപിക്ക് നൽകാനുണ്ടായിരുന്നില്ല.
എന്നാൽ മറുവശത്ത് ഏറ്റവും മികച്ച വീഡിയോ കണ്ടെൻറുകൾ കോൺഗ്രസിന്റെ കൈവശമാണ് ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. പിന്നെ ധ്രൂവ് റാട്ടിയെ പോലെ യൂട്യൂബർ ഉണ്ടാക്കിയ ബിജെപി വിരുദ്ധ തരംഗം. ഇതു തിരിച്ചറിയാൻ ബിജെപി കേന്ദ്ര നേതൃത്വം വൈകിപ്പോയി. ബിജെപി ഐടി സെൽ ചുമതലയിൽ വർഷങ്ങളായിരിക്കുന്ന അമിത മാളവിയ തൻറെ ഉത്തരവാദിത്വം മറന്ന് രാഷ്ട്രീയ നേതാവാകാൻ നടത്തിയ ശ്രമങ്ങളാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ടീമിനെ തകർത്തെറിഞ്ഞത്. മറുവശത്ത് കോൺഗ്രസും രാഹുൽഗാന്ധിയും അടിച്ചു കയറി.
ഇപ്പോൾ രാഹുൽഗാന്ധി കൊണ്ടുവന്ന വോട്ട് ചോരി ആരോപണം സാമൂഹിക മാധ്യമങ്ങളിൽ കൊടുങ്കാറ്റ് ആണ്. ഇൻസ്റ്റഗ്രാം തുറന്നാൽ രാഹുലിന്റെ പടയോട്ടമാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത കുട്ടികൾവരെ രാഹുൽഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്റ്റോപ്പ് വോട്ട് ചോരി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നു. ബീഹാറിൽ രാഹുൽ നയിക്കുന്ന യാത്രയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നതും വലിയ പിന്തുണയാണ്.
ഞാൻ ഇത്രയും ഫേസ്ബുക്കിൽ എഴുതിയത് എന്തിനാണെന്ന് വെച്ചാൽ കേരളത്തിലെ സംഘികളിൽ അധികവും ഫേസ്ബുക്ക് അമ്മാവന്മാരാണ്. ഇൻസ്റ്റാഗ്രാമിൽ അവർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നാടിൻറെ പൾസ് അവർ തിരിച്ചറിയുന്നില്ല. അവർ വായിക്കാൻ വേണ്ടിയാണ് ഇത് എഴുതുന്നത്. നരേന്ദ്രമോദിയും ബിജെപിയും വലിയ ഭരണവിരുദ്ധ വികാരമാണ് ഇപ്പോൾ നേരിടുന്നത്. യുവതലമുറ ബി.ജെ.പിയെ വിശ്വസിക്കുന്നില്ല. അവരുടെ പ്രതീക്ഷകളെ സഫലീകരിക്കാനുള്ള ഒരു പദ്ധതിയും ബിജെപിയുടെ കൈവശമില്ല. അവർ പ്രതീക്ഷയോടെ നോക്കുന്ന ഒരേയൊരു നേതാവ് രാഹുൽ ഗാന്ധിയാണ്. നിങ്ങൾ ഫേസ്ബുക്കിൽ കിടന്ന് തലകുത്തി മറിഞ്ഞാലും ഈ തരംഗം മുന്നോട്ടുപോവുക തന്നെ ചെയ്യും. ഇപ്പോഴുള്ള 240 സീറ്റിൽ നിന്ന് 60 സീറ്റ് കുറഞ്ഞാൽ ബിജെപി പ്രതിപക്ഷത്തിരിക്കും എന്ന് ഓർമ്മവേണം. 400 സീറ്റ് പ്രോജക്ട് ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപി എത്തിയത് 160 സീറ്റ് കുറവിലായിരുന്നു. അധികാരത്തിൽ നിന്ന് പുറത്തു പോകാൻ ഇനി അധികകാലമില്ല എന്ന് ഫേസ്ബുക്ക് സംഘികളെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.