കോഴിക്കോട്: തൃക്കരിപ്പൂരിൽ കോൺഗ്രസ് സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന. സന്ദീപിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ എതിർപ്പുമായി കാസർകോട് കോൺഗ്രസ് രംഗത്തെത്തി.
തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ കടുത്ത അതൃപ്തി അറിയിച്ചു. മത്സരിക്കാൻ ആളെയിറക്കേണ്ടെന്നും മണ്ഡലത്തിൽ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയിൽനിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോൺഗ്രസ് ജില്ല നേതൃത്വത്തിന്‍റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഡി.സി.സി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂർ. ഇത്തവണ കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ സീറ്റിനായി ചടരുവലിക്കുന്നുണ്ട്. സമവായത്തിൽ എത്താൻ സാധിച്ചാൽ സന്ദീപ് വാര്യർ തന്നെ തൃക്കരിപ്പൂരിൽ മത്സരിക്കും.
അതേസമയം, മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന നേതാവ് കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കേരള ഹൗസിൽ നിന്ന് എൻ.ഒ.സി വാങ്ങി. സുധാകരൻ വഴങ്ങാത്ത സാഹചര്യത്തിൽ ഇളവ് നൽകാനും ഹൈകമാൻഡ് ആലോചനിക്കുന്നുണ്ട്.
സുധാകരൻ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകാത്തതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈകമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് വിവരം. സ്വതന്ത്രനായി സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എം.പി സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം.
കണ്ണൂർ ഒഴിച്ചിട്ട് ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. കോന്നി സീറ്റിനു വേണ്ടി അടൂർ പ്രകാശും സമ്മർദം തുടരുകയാണ്. കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഡി.സി.സി വൈസ് പ്രസിഡന്‍റ് സജീവ് ജോസഫ് വിമതനായി മത്സരിക്കും. കേരള കോൺഗ്രസ്-ജോസഫ് വിഭാഗം കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയായി റെജി ചെറിയനെ പ്രഖ്യാപിച്ചതിനെതിരെ സജി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മങ്കൊമ്പിൽ വാർത്തസമ്മേളനം വിളിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കോൺഗ്രസ് പ്രാദേശികനേതാക്കളടക്കം പങ്കെടുത്ത വാർത്തസമ്മേളനത്തിൽ വീകാരാധീനനായിട്ടാണ് സംസാരിച്ചത്. കുട്ടനാട്ടിലെ ജനങ്ങൾ കഴിഞ്ഞകാലത്തെ തെറ്റ് തിരുത്തും. കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് മത്സരിക്കുന്നത്. കുട്ടനാട്ടിലെ പേയ്മെന്‍റ് സീറ്റാണ്. പണചാക്കുകളുടെ പണകിഴികൾക്ക് മുന്നിൽ കുട്ടനാടിനെ വിൽക്കുകയാണ്. കുട്ടനാടിന് വേണ്ട നീതി വാങ്ങി തരുമെന്ന് പ്രതിജ്ഞ എടുത്തവർ കുട്ടനാട്ടുകാർ പോലുമല്ലാത്ത സാമ്പത്തികശക്തികളുടെ മുന്നിൽ ഈ നാടിനെ ബലികൊടുത്തു. കുട്ടനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയാവാൻ വലിയ സമ്മർദ്ദമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽസെക്രട്ടറി കെ. ഗോപകുമാർ, കോൺഗ്രസ് കർഷക സമിതി നേതാവ് ജോൺ പി. ടിറ്റോ, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ.ബി. രഘു, ഡി.സി.സി അംഗം ലാലിച്ചൻ പള്ളിവാതുക്കൽ, കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് നോബിൻ ടി. ജോൺ എന്നിവരും കോൺഗ്രസിൽനിന്ന് രാജിവെച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കുട്ടനാട് പേയ്മെന്‍റ് സീറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജീവ് ജോസഫ് പ്രതികരിച്ചത്.
പണം നൽകിയാണ് സീറ്റ് നേടിയതെന്ന് പറയുന്നവർ തെളിവ് നൽകണമെന്ന് റെജി ചെറിയാൻ പറഞ്ഞു. അതിനിടെ, പി.കെ. ശശിയെ ഒറ്റപ്പാലത്തെ സ്ഥാനാർഥിയായി മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രഖ്യാപിച്ചു. യു.ഡി.എഫ് പിന്തുണയോടെയാണ് ശശി മത്സരിക്കുക. മറ്റു മണ്ഡലങ്ങളിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്നും മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.