മെക് 7: മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സി.പി.എം - സന്ദീപ് വാര്യർ

പാലക്കാട്: മെക് 7 വ്യായാമത്തിനെ മറയാക്കി മുസ്‍ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ രംഗത്ത്. മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലിൽ പോയാലും ജിംനേഷ്യത്തിൽ പോയാലും റേഷൻ കടയിൽ പോയാലും മുസ്ലിങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ സാധിക്കും ? ഈ നാട്ടിലെ മനുഷ്യർക്ക് വ്യായാമം ചെയ്യണമെങ്കിലും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണോ ? എന്നാണ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ സന്ദീപ് വാര്യർ ചോദിക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ

മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലിൽ പോയാലും ജിംനേഷ്യത്തിൽ പോയാലും റേഷൻ കടയിൽ പോയാലും മുസ്ലിങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ സാധിക്കും ?

ഈ നാട്ടിലെ മനുഷ്യർക്ക് വ്യായാമം ചെയ്യണമെങ്കിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണോ ? ബിജെപിക്ക് പറയാൻ ബുദ്ധിമുട്ടുള്ളതോ ബിജെപി പറഞ്ഞാൽ ജനങ്ങൾ ഏറ്റെടുക്കാത്തതോ ആയ മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സിപിഎം ആണെന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് മെക് സെവൻ വിവാദവും . പാലക്കാട്ടെ പത്ര പരസ്യം പോലെ സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത മെക് സെവനിലും പുറത്തുവന്നിരിക്കുകയാണ് .

കോൺസ്പിരസി തിയറികൾ പടച്ചുവിട്ട് മനുഷ്യരെ ഭിന്നിപ്പിക്കുന്ന പരിപാടികൾ അവസാനിപ്പിക്കുന്നതാണ് നമ്മുടെ നാടിനു ഗുണകരം. ബിജെപിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് സിപിഎം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ ഈ നാട് തള്ളിക്കളയുക തന്നെ ചെയ്യും.

മലബാറിൽ വ്യാപകമായി പ്രവർത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ രംഗത്തെത്തിയിരുന്നു. ഈ കൂട്ടായ്മക്ക് പിന്നിൽ പോപുലർ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടിൽ പെട്ടവരാണ് മെക് 7ന് നേതൃത്വം നൽകുന്നതെന്നും ഇവർക്ക് പിന്തുണ നൽകുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നുമാണ് പി. മോഹനന്റെ ആരോപണം. 10 പൈസ ചെലവില്ലാതെ തുറസ്സായ സ്ഥലത്ത് നടക്കുന്ന ഈ വ്യായാമം ജമാഅത്തെ ഇസ്‍ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പി. മോഹനൻ ആരോപിച്ചു.

മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ

ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീനാണ്ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത്. പിന്നീട് ഇതുമായി സഹകരിക്കുന്നവരുമായി ചേർന്ന് ഈ മൊഡ്യൂൾ ട്രസ്റ്റ് ആക്റ്റ് പ്രകാരം റജിസ്റ്റർ ചെയ്തു. എയറോബിക്സ്, യോഗ തുടങ്ങി 7 വ്യത്യസ്ത ഫിറ്റ്നസ് രീതികൾ സംയോജിപ്പിച്ച് 21 വ്യായാമ മുറകളടങ്ങുന്ന ഈ പരിപാടിയിൽ ആർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫോമോ ഫീസോ ഇല്ല.

2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. ശരീരത്തിനും മനസ്സിനും നവയൗവനം നൽകുക’ എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു. യു‌.എ‌.ഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് – 7 വളർന്നു.

Tags:    
News Summary - sandeep varier Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.