കോഴിക്കോട്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ കനത്ത പരാജയത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാമെന്നും എന്നാൽ അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും -എന്നാണ് സന്ദീപ് കുറിച്ചത്.
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമീഷന്റേയും ബി.ജെ.പിയുടേയും സഖ്യം വിജയിക്കുമ്പോൾ ബിഹാറിൽ തോറ്റത് ജനങ്ങളും ജനാധിപത്യവുമാണെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. എസ്.ഐ.ആര്‍ മറയാക്കി 65,64,075 വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കിയും ബി.ജെ.പി സഖ്യകക്ഷിയായ തെരഞ്ഞെടുപ്പ് കമീഷന്റെ ഒത്തുകളിയും വിധി നിർണയിച്ച ബിഹാറിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ജിന്റോ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
സർക്കാർ പദ്ധതി എന്ന പേരിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 1.21കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എൻ.ഡി.എ സർക്കാർ 10,000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും രാഷ്ട്രീയ സാക്ഷരത വേണ്ടത്രയില്ലാത്ത പാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ടാകാം. വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങൾ മനസിലാക്കാതെ, സംഘപരിവാറിനോട് സന്ധിയില്ലാതെ പോരാടുന്ന രാഹുൽ ഗാന്ധിയേയും തേജസ്വി യാദവിനേയും വിലകുറച്ചു കാണുന്ന ഒരവലോകനവും സത്യസന്ധമായിരിക്കില്ല. സാഹചര്യത്തിനൊത്ത് ഉണർന്ന് ചിന്തിക്കാൻ ശേഷിയില്ലാത്ത ചിലർ സീറ്റ് പങ്കുവെയ്ക്കൽ തർക്കത്തിൽ പരസ്പരം മത്സരിച്ചത് യഥാർത്ഥ കാരണങ്ങളെ മറച്ചുപിടിക്കാൻ എൻ.ഡി.എക്ക് സഹായകരമായി. മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം വോട്ടുകൊള്ളയുടെ സത്യാവസ്ഥ പുറത്ത് വന്നപ്പോൾ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി ഒളിക്കുന്ന തെരഞ്ഞെടുപ്പ് കമീഷനും മോഷ്ടിച്ചെടുത്ത വിജയത്തിൽ മേനി നടിക്കുന്ന മോദി സർക്കാരും ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുകയാണെന്നും ജിന്റോ പറഞ്ഞു.
തിരുവനന്തപുരം: ബീഹാറിൽ ജയിച്ചത് എൻ.ഡി.എ അല്ല, ബി.ജെ.പിക്കുവേണ്ടി പണിയെടുക്കുന്ന തെരഞ്ഞെടുപ്പ് കമീഷനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലും ഹരിയാനയിലും ഉണ്ടായതിന്റെ തനിയാവർത്തനമാണിത്. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണ് എന്നതിന്‍റെ വലിയ തെളിവാണിത്.
മഹാരാഷ്ട്രയെയും ഹരിയാനയെയും മുൻനിർത്തി പരാതികൾ കൊടുത്തെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഇനി എന്തുവേണമെന്ന് പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ആലോചിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.