കോഴിക്കോട്: സി.പി.എം വേദിയിലെ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവപൂർവ്വം പരിശോധിക്കുമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഉമർ ഫൈസിയുടേത് ഉൾപ്പെടെയുള്ള ചില നേതാക്കളുടെയും പോഷക സംഘടനകളുടെയും പരസ്യപ്രസ്താവനകൾ സംഘടനാ അച്ചടക്കത്തിനും നിലപാടുകൾക്കും നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതികരണങ്ങൾ തീർത്തും ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.
ഈ പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ തീരുമാനങ്ങളും നിലപാടുകളും മുശാവറ യോഗം ചേർന്ന് തീരുമാനിക്കുന്നതാണെന്നും അത് ഉത്തരവാദപ്പെട്ടവർ കൃത്യമായി വിശദീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, സി.പി.എം വേദിയിലെ പ്രസംഗത്തിന്റെ പേരിൽ ഉമർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് ഒഴിവാക്കാൻ സമസ്തയിലെ ഒരു വിഭാഗം ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. പോഷകസംഘടനാനേതാക്കൾ സമസ്ത നേതൃത്വത്തെ നിലപാടുകൾ ബോധ്യപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക യോഗം ചേർന്നു. വരുന്ന മുശാവറ യോഗത്തിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ഇവരുടെ നീക്കം.
തനിക്കെതിരെ നടപടി ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുമ്പോൾ, ബോർഡ് അംഗം എന്ന നിലയിൽ വസ്തുതകൾ ബോധ്യപ്പെടുത്തേണ്ടതുകൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നാണ് ഉമർ ഫൈസിയുടെ പക്ഷം. ഉമർ ഫൈസിയോടുള്ള വ്യക്തിവിരോധമാണ് പുറത്താക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് ഫൈസി അനുകൂലികളും പ്രതികരിക്കുന്നു.
വഖഫിൽ ആർ.എസ്.എസുകാരെ നിയമിക്കാൻ പോലും യു.ഡി.എഫ് ശ്രമിക്കുന്നു എന്നതടക്കമുള്ള ഉമർ ഫൈസിയുടെ പരാമർശങ്ങളാണ് വിവാദമായത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തയ്ക്ക് യോജിച്ചതല്ലെന്നാണ് ഒരു വിഭാഗം സുന്നി നേതാക്കളുടെ നിലപാട്.
ജിഫ്രി തങ്ങളുടെ പ്രസ്താവന
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും പോഷക സംഘടനകളുടേയും ചില നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചർച്ച ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കെ ഉമർ ഫൈസി മുക്കം സി പി എം സെമിനാറിൽ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂർവ്വം പരിശോധിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കൾ സംഘടന അച്ചടക്കത്തിനും നിലപാടുകൾക്കും നിരക്കാത്ത വിധം പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും നടത്തുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതിൽ ആരും വഞ്ചിതരാവരുതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേർന്നു തീരുമാനിക്കുന്നതാണെന്നും അത് ഉത്തരവാദപ്പെട്ടവർ വിശദീകരിക്കുന്നതാണെന്നും തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.