തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേസിന്‍റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണെയിൽ കണ്ടെത്തിയത് സുകുമാരക്കുറുപ്പല്ലെന്ന് സ്ഥരീകരിച്ച സാഹചര്യത്തില്‍ ഇന്‍റർപോളിന് കത്തയക്കാനുളള നീക്കവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു.
കഴിഞ്ഞ 42 വർഷമായി സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളിയെ തേടുകയാണ് കേരള പൊലീസ്. ഇൻറർപോളിന്‍റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള വ്യക്തിയാണ് കുറുപ്പ്. ആ സാഹചര്യത്തിലാണ് ഇന്‍റർപോളിനെ വിവരം അറിയിക്കാനും ക്രൈംബ്രാഞ്ച് ആദ്യം ഉദ്ദേശിച്ചത്.
രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമാന്ന അനുമാനത്തില്‍ കേസിന്‍റെ തുടർനടപടികൾ അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന നിലയിലുള്ള പ്രചാരണങ്ങൾ നടന്നത്. ഇതോടെ പൊലീസിനെതിരെ പലകോണുകളിൽ നിന്നും ആക്ഷേപങ്ങളും ഉയർന്നിരുന്നു.
എന്നാല്‍ വിഷയത്തിൽ അമിതാവേശം കാട്ടാതെ ഇന്‍റർപോളിന്‍റെ വിവരശേഖരണത്തിന് ശേഷം മാത്രം നടപടികള്‍ മതിയെന്ന തീരുമാനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അതിനിടെയാണ് സുകുമാരക്കുറുപ്പല്ല വിദേശത്തുള്ളതെന്ന സ്ഥിരീകരണമുണ്ടായിട്ടുള്ളത്. അത് പൊലീസിന്‍റെ നിലപാട് ശരിവെക്കുന്നതായി.
ബ്രൂണെയില്‍ കണ്ടെത്തിയത് കുറുപ്പിനെയല്ല തൃശൂർ സ്വദേശി ദാമോദര മേനോനെയായാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഗൂഢാലോചനയിൽ അന്വേഷണത്തിലേക്ക് കടക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മുൻ അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഗ്രേഡ് എസ്.ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് കുറുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നില്‍ പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.
നിലവിൽ നടക്കുന്ന അന്വേഷണം വഴിതെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനുമുള്ള ബോധപൂർവ ശ്രമമാണോ ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.