മലപ്പുറം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന് രൂപവത്കരിച്ച സ്വാഗതസംഘം സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്വേണ്ടി നേതൃത്വം കൂടിയാലോചിച്ചാണ് കോഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപംനല്കിയതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വാര്‍ഷിക സമ്മേളനത്തിനുവേണ്ടി രൂപവത്കരിച്ച കോഓഡിനേഷന്‍ കമ്മിറ്റി സബ് കമ്മിറ്റികള്‍ക്ക് മുകളിലല്ലെന്നും മുസ്തഫല്‍ ഫൈസിയെ മുശാവറയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെന്നുമുള്ള തരത്തിൽ അബ്ദുൽ ഹമീദ് ഫൈസിയുടേതെന്ന പേരിൽ ശബ്ദസന്ദേശം ബുധനാഴ്ച രാത്രി ചില വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് കൂടുതൽ വിവാദം ഒഴിവാക്കുന്നതിന് സമസ്ത പ്രസിഡന്റ് വ്യാഴാഴ്ച പ്രത്യേകമായി വാർത്തക്കുറിപ്പ് ഇറക്കിയത്.
സമ്മേളന സ്വാഗതസംഘം കോഓഡിനേറ്റര്‍ എന്ന നിലയിൽ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റർക്ക് ജോലിഭാരമുണ്ട്.
അതിനാൽ, സമ്മേളനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ് എം.സി. മായിന്‍ ഹാജി ചെയര്‍മാനും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കോഓഡിനേറ്ററുമായി ഏഴംഗ കോഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപംനൽകിയത്. പ്രവര്‍ത്തനങ്ങള്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതൃത്വത്തെ അറിയിച്ച് പരസ്പരം കൂടിയാലോചിച്ച് അന്തിമ തീരുമാനം സമസ്ത മുശാവറ കൈക്കൊള്ളുമെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചു.
എം.പി. മുസ്തഫല്‍ ഫൈസിയെ സമസ്ത മുശാവറയില്‍നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാന്‍ ഇടയായ കാര്യങ്ങളില്‍ അദ്ദേഹത്തോട് രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം മുശാവറ ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളും.
വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ്, സമസ്ത പ്രവര്‍ത്തകര്‍ ഐക്യത്തോടെ ഒറ്റക്കെട്ടായി സമ്മേളനവിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.
സമസ്തയിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാനായി രൂപവത്കരിച്ച, ഉന്നത നേതാക്കൾ ഉൾപ്പെട്ട അനുരഞ്ജന സമിതിയുടെ ബുധനാഴ്ച ചേർന്ന ആദ്യയോഗത്തിലാണ് നൂറാം വാർഷികത്തിന്റെ ഏകോപനത്തിന് ഏഴംഗ കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകിയത്.
യോഗതീരുമാനങ്ങൾ പുറത്തുവന്നശേഷമാണ് ഹമീദ് ഫൈസിയുടേതെന്ന പേരിൽ ശബ്ദസന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ചേളാരിയിൽ ചേരാൻ തീരുമാനിച്ച കോഓഡിനേഷൻ കമ്മിറ്റി യോഗം മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.