കോട്ടയം: സാക്ഷരത മിഷനിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജില്ല പ്രോജക്ട് കോഓഡിനേറ്റർ, ജില്ല പ്രോജക്ട് അസി. കോഓഡിനേറ്റർ എന്നീ സാങ്കൽപിക തസ്തികകളിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വീണ്ടും വേതന വർധന.
2015 വരെ 14000, 11500 ക്രമത്തിൽ വേതനം നൽകിയിരുന്ന ഈ തസ്തികകളിൽ ഒറ്റയടിക്ക് 2016 സെപ്റ്റംബർ മുതൽ 39500, 32300 എന്നിങ്ങനെ വർധിപ്പിച്ചത് നേരത്തേ വിവാദമായിരുന്നു. മിനിമം വേതന പട്ടികയിലെ കാറ്റഗറി 11ൽ ഉൾപ്പെടുത്തി സീനിയർ ഹയർ സെക്കൻഡറി ടീച്ചർ തസ്തികയുടെ മിനിമം വേതനമായ 39,500 രൂപയാണ് ജില്ല പ്രോജക്ട് കോഓഡിനേറ്റർ തസ്തികയിൽ അനുവദിച്ചത്. ജൂനിയർ ഹയർ സെക്കൻഡറി ടീച്ചർ തസ്തികയിലെ കാറ്റഗറി 10 പ്രകാരമുള്ള മിനിമം വേതനമാണ് ജില്ല പ്രോജക്ട് അസി. കോഓഡിനേറ്റർ തസ്തികയിൽ അനുവദിച്ചുനൽകിയത് -32,300 രൂപ.
സംഭവം വിവാദമായതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലിൽ അത് വഴിമുട്ടി. ഈ സാങ്കൽപിക തസ്തികകളിൽ 2019 ജൂൺ മുതൽ വീണ്ടും വേതനം വർധിപ്പിച്ച ധനവകുപ്പ് നടപടിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ജില്ല പ്രോജക്ട് കോഓഡിനേറ്റർ തസ്തികയിൽ 42305, അസി. ജില്ല പ്രോജക്ട് കോഓഡിനേറ്റർ തസ്തികയിൽ 34605 എന്നിങ്ങനെയാണ് വീണ്ടും വർധിപ്പിച്ചത്. സാക്ഷരതാ മിഷനിൽ നിലവിൽ 14 ജില്ല പ്രോജക്ട് കോഓഡിനേറ്റർമാരും 32 അസി.ജില്ല പ്രോജക്ട് കോഓഡിനേറ്റർമാരുമാണ് പ്രവർത്തിക്കുന്നത്. 2016 സെപ്റ്റംബർ മുതൽ ഈ തസ്തികകളിൽ അമിതവേതനം നൽകിയ ഇനത്തിൽ ഖജനാവിന് നഷ്ടം എട്ടുകോടി രൂപയും.
സംസ്ഥാന സാക്ഷരതാ മിഷെൻറ പദ്ധതികൾ നടപ്പാക്കാൻ നിലവിൽ ജില്ല പഞ്ചായത്ത് സെക്രട്ടറിമാർ ജില്ല കോഓഡിനേറ്റർമാരായി പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാങ്കൽപിക തസ്തികകൾ എന്തിന് സൃഷ്ടിച്ചെന്നും വ്യക്തമല്ല.
താൽക്കാലിക ജീവനക്കാർക്ക് അതേ തസ്തികയിലെ സ്ഥിരം ജീവനക്കാരുടെ മിനിമം വേതനം അനുവദിക്കണമെന്നാണ് 2018ലെ സുപ്രീം കോടതി ഉത്തരവ്. എന്നാൽ, സാക്ഷരത മിഷനിലെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ, ജില്ല പ്രോജക്ട് അസി.കോഓഡിനേറ്റർ എന്നീ താൽക്കാലിക തസ്തികകൾക്ക് സർക്കാർ തലത്തിൽ സ്ഥിരം തസ്തിക ഇല്ല. ഈ സാഹചര്യത്തിൽ മറ്റ് സ്ഥാപനങ്ങളിൽ ഈ തസ്തികകളിൽ അനുവദിക്കുന്ന വേതനം ധനവകുപ്പ് മാനദണ്ഡം ആക്കണമായിരുന്നു. പകരം ഹയർ സെക്കൻഡറി അധ്യാപകരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.