സാലറി ചലഞ്ച്: വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ

കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിയുടെ ഭാഗമായുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈകോടതി സ്റ്റേ. വിസമ്മതപത്രം നൽകണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ പത്താം നിബന്ധനയാണ് കോടതി സ്റ്റേ ചെയ്തത്. താൽപര്യമുള്ളവരിൽ നിന്ന് ശമ്പളം സ്വീകരിക്കുന്നതിൽ തടസമില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇതു സംബസിച്ച ഹരജി ഒരു മാസത്തിനകം തീർപ്പാക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.

സാലറി ചലഞ്ച് സംബന്ധിച്ച സംസ്ഥാന സർക്കാർ നടപടികളിൽ നിർബന്ധ ബുദ്ധിയുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്ന് ഹൈകോടതി വ്യക്തമാക്കി. ഒരു മാസത്തെ ശമ്പളം നൽകണമെന്ന് പറയുന്നത് നിർബന്ധിത പിരിവാണ്. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സർക്കാർ കണക്കിലെടുക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

വിസമ്മതപത്രം നൽകിയില്ല എന്നതിന് അർഥം അവർ പണം നൽകാൻ തയാറാണെന്ന് അഡ്വക്കേറ്റ് ജനറലിന് കണക്കാക്കാൻ ആവില്ല. ദുരിതമനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികൾ ഉണ്ടാവരുതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

സാലറി ചലഞ്ചിന്‍റെ പേരിൽ പല വിധത്തിലുള്ള ഭീഷണികൾ ഉയരുന്നതായി ഹരജിക്കാർ കോടതിയിൽ ബോധിപ്പിച്ചു. പേര് പുറത്തു വിടില്ലെന്ന് മാത്രമേ സർക്കാർ പറഞ്ഞിട്ടുള്ളൂ. ജീവനക്കാരുടെ സർവീസ് ബുക്കിൽ രേഖപ്പെടുത്തുമെന്ന് പറയുന്നത് ഭീഷണിയാണ്. നിർബന്ധം കൂടാതെ പണം നൽകാൻ ജീവനക്കാരെ അനുവദിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.

വിസമ്മതപത്രം നൽകാത്തവർ സാലറി ചാലഞ്ചിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി. കാർഗിൽ യുദ്ധസമയത്ത് സമാനമായ ഉത്തരവ് കേന്ദ്രസർക്കാർ ഇറക്കിയിരുന്നു. ഇതിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും എ.ജി കോടതിയിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് എന്‍.ജി.ഒ സംഘ് ആണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയത് എന്തിനെന്ന് സര്‍ക്കാറിനോട് ഹൈകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദുരിതാശ്വാസത്തിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പട്ടിക പുറത്തുവിടരുതെന്നും കോടതി നിർദേശിക്കുകയും ചെയ്തു.

Tags:    
News Summary - Salary Challenge High Court Kerala Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.