തിരുവനന്തപുരം: സെമി കേഡർ സ്വഭാവത്തിലേക്ക് സംസ്ഥാന കോൺഗ്രസിനെ മാറ്റുന്നതിന് മുന്നോടിയായി പ്രവർത്തനങ്ങളിൽ അടിമുടി മാറ്റംവരുത്തുന്ന മാർഗരേഖക്ക് അംഗീകാരം. നേതാക്കൾക്കും അണികൾക്കുമുള്ള മാർഗരേഖ പുതിയ ഡി.സി.സി പ്രസിഡൻറുമാർക്കായി നടത്തിയ ശില്പശാലയിൽ വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്റുമാരുടെ ഭേദഗതി നിർദേശങ്ങളോടെ യോഗം മാർഗരേഖ അംഗീകരിച്ചു. പാർട്ടി പ്രവർത്തനങ്ങളിൽ കാലോചിതമായി വരുത്തുന്ന മാറ്റങ്ങളാണ് അംഗീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സി.പി.എം മാതൃകയിൽ കോൺഗ്രസിലും താഴെത്തട്ടിൽ മുഴുവൻ സമയ കേഡർമാരെ സൃഷ്ടിക്കും. ഇവർക്ക് പ്രതിമാസ ഇൻസെൻറീവ് നൽകും. സഹകരണ-ത്രിതല പഞ്ചായത്ത് മേഖലകളിലെ പാർട്ടി മേൽനോട്ടത്തിനും തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും തെറ്റ് പരിശോധിച്ച് തിരുത്താനുമായി വെവ്വേറെ ജില്ലതല നിരീക്ഷണ സംവിധാനങ്ങളുണ്ടാക്കും. ഒരാൾക്ക് രണ്ടുതവണയേ സഹകരണസംഘങ്ങളിലെ ഡയറക്ടറാകാൻ കഴിയൂ. പരമാവധി മൂന്നു ടേം അനുവദിക്കും. ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കും. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല.
ബൂത്ത് മുതല്‍ സംസ്ഥാനതലംവരെ നേതാക്കള്‍ക്ക് ചുമതല വീതിച്ചുനല്‍കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത കാലയളവിൽ വിലയിരുത്തി വീഴ്ചവരുത്തുന്നവരെ നീക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കും. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടിയെയും നേതാക്കളെയും വിമര്‍ശിക്കുന്നതിനെതിരെ നടപടിയെടുത്ത് അച്ചടക്കം കര്‍ശനമാക്കും. ഗ്രൂപ് യോഗങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തും. സംസ്ഥാന-ജില്ലതലത്തില്‍ അച്ചടക്കസമിതി രൂപവത്കരിക്കും.
ഒാരോ നിയമസഭ മണ്ഡലത്തിലെയും ഒരു മണ്ഡലം കമ്മിറ്റി അധ്യക്ഷസ്ഥാനം വനിത സംവരണമാക്കും. വ്യക്തി കേന്ദ്രീകൃത ഫ്ലക്സുകള്‍ അനുവദിക്കില്ല. ആവശ്യമില്ലാത്ത ആളുകളെ ഉള്‍പ്പെടുത്തി ഫ്ലക്സ് സ്ഥാപിക്കുന്നത് കര്‍ശനമായി തടയും. പാർട്ടി പൊതുേയാഗങ്ങൾ, ജാഥകൾ, സമരങ്ങൾ എന്നിവക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കും. സ്റ്റേജുകളിലും വാർത്തസമ്മേളനങ്ങളിലും നേതാക്കളുടെ തിരക്ക് അനുവദിക്കിെല്ലന്നും മാർഗരേഖയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.