മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാൻ പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ രാജിവെച്ചു. സി.പി.എം സംസ്ഥാന നേതൃത്വം സാവകാശത്തിന് വഴികൾ തേടുന്നതിനിടെ കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് മന്ത്രി രാജിക്ക് തയാറായത്. മന്ത്രിസ്ഥാനത്ത് തുടരുന്നില്ലെന്ന തീരുമാനം സ്വമേധയാ കൈക്കൊണ്ടതാണെന്നും താൻ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയ ശേഷം സജി ചെറിയാൻ അവകാശപ്പെട്ടു. രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ അലയൊലികൾ കെട്ടടങ്ങും മുമ്പാണ് മന്ത്രിയുടെ രാജി.

രാജിയില്ലെന്ന് നിയമസഭയിലും പുറത്തും ബുധനാഴ്ച സി.പി.എം യോഗത്തിനു ശേഷവും നിലപാടെടുത്ത സജി ചെറിയാൻ വൈകുന്നേരത്തോടെ നിർണായക തീരുമാനത്തിന് നിർബന്ധിതനായി. രാവിലെ ചേർന്ന സി.പി.എം. അവൈലബിൾ സെക്രട്ടേറിയറ്റ് രാജി തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷം രാജി ആവശ്യം ഉയർത്തിയെങ്കിലും ഒരു വിധ ചർച്ചക്കും ഇടം ലഭിക്കാതെ സഭ അവസാനിപ്പിച്ചു.

വ്യാഴാഴ്ച തീരുമാനമെടുക്കാൻ നേതൃത്വം ധാരണ ഉണ്ടാക്കിയെങ്കിലും നിയമസഭയിൽ ഉത്തരം പറയേണ്ട ബാധ്യത സർക്കാറിന് മേൽ വന്നു. രാജിവെച്ചേ മതിയാകൂവെന്നും വൈകരുതെന്നും ദേശീയ നേതൃത്വം നിലപാട് എടുത്തതായാണ് വിവരം. മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രിയുമായി സജി ചെറിയാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിക്ക് ധാരണയായത്. പിന്നാലെ സജി ചെറിയാൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രി ഇത് ഗവർണർക്കയച്ചു. രാജി നൽകിയ ശേഷം മുൻകൂട്ടി തയാറാക്കിയ കുറിപ്പ് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ച സജി ചെറിയാൻ രാജി ആരും ആവശ്യപ്പെട്ട് നൽകിയതല്ലെന്നും സ്വന്തം തീരുമാനമാണെന്നും വിശദീകരിക്കാനാണ് ശ്രമിച്ചത്.

മന്ത്രിയുടെ ഭരണഘടന അധിക്ഷേപത്തിനെതിരെ നിയമസഭയിലും പുറത്തും പ്രതിപക്ഷം കടുത്ത നിലപാടാണെടുത്തത്. ഭരണഘടന അധിക്ഷേപത്തിനെതിരെ ചിലർ കോടതിയിൽ കേസ് നൽകി. പൊലീസിന് നിരവധി പരാതികളാണ് ഇതിനകം ലഭിച്ചത്. ഇതിൽ തീരുമാനമെടുക്കേണ്ട സാഹചര്യവുമുണ്ട്.

മന്ത്രിയുടെ രാജി ആവശ്യവുമായി ഗവർണർക്ക് നിവേദനങ്ങൾ ലഭിച്ചു. ഇതിൽ സർക്കാറിൽ നിന്ന് വിശദീകരണം തേടി ഗവർണർ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. കോടതിയിൽ പോയാൽ തിരിച്ചടിയും പ്രതികൂല പരാമർശങ്ങളും ഉണ്ടാകുമെന്ന വിലയിരുത്തൽ സർക്കാറിനും പാർട്ടിക്കുമുണ്ട്. പൊലീസിനും കേസെടുക്കാതെ മുന്നോട്ടു പോകാനാകില്ല. പിടിച്ചുനിൽക്കുന്നത് എളുപ്പമാകില്ലെന്ന വിലയിരുത്തൽ സർക്കാറിനുണ്ടായി. മുഖ്യമന്ത്രി നിയമോപദേശം തേടിയെങ്കിലും അതു മന്ത്രിയെ നിലനിർത്തുന്നതിന് അനുകൂലമായിരുന്നില്ല. നിയമവിദഗ്ധർക്ക് മന്ത്രി രാജിവെക്കണമെന്ന നിലപാടായിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഭരണഘടനയെ തൊട്ട് സത്യം ചെയ്ത എം.എൽ.എ സ്ഥാനവും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാം.

കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Saji Cherian Resigned in Minister Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.