സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി; രണ്ടുപേർ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചിയിൽ മോഡലുകൾ മരിച്ച കേസിലെ പ്രതിയും കോഴിക്കോട് സ്വദേശി നൽകിയ പോക്സോ കേസിലെ പ്രതിയുമായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം ചെറായിയിലെ ലൗ ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്ന് മുനമ്പം പോലീസിലാണ് സൈജു പരാതി നല്‍കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. എട്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്ന് പറഞ്ഞതായും സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൈവശം പണം ഇല്ലെന്ന് മനസിലായപ്പോള്‍ തന്നെ ഓട്ടോയില്‍ കയറ്റി വിട്ടയച്ചുവെന്നും സൈജു പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി സൈജു കെട്ടിച്ചമച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ദേഹത്തെ മർദ്ദന പാടുകൾകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലൗ ലാന്‍ഡ് റിസോർട്ട് ഉടമക്കും സംഭവത്തില്‍ പങ്കുള്ളതായി സൈജു ആരോപിച്ചു. ലോക്കൽ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെ പ്രതിയാണ് സൈജു തങ്കച്ചൻ. സൈജുവിനെതിരെ കഴിഞ്ഞ ദിവസം പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.