മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോൾ സഫീർ താനിതുവരെ കാണാത്ത രാഖിക്കുവേണ്ടി വായ്ക്കരിയിട്ട് കൊള്ളിവെച്ച് ചിതയ്ക്ക് തീ കൊളുത്തുകയായിരുന്നു...

തിരുവനന്തപുരം: അർബുദ ബാധിതയായി കത്തോലിക്ക സന്യാസിനിമാരുടെ പരിചരണത്തിൽ കഴിയവെ രാഖിയുടെ അവസാന ആഗ്രഹമായിരുന്നു, മരിച്ചാൽ തന്നെ ഹൈന്ദവ ആചാരപ്രകാരം സംസ്കരിക്കണമെന്നത്. ഒടുവിൽ അതിന് നിമിത്തമായതാകട്ടെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും വാർഡ് അംഗവുമായി ടി. സഫീറും. കഴിഞ്ഞ ദിവസം മഗ്‌രിബ് ബാങ്ക് മുഴങ്ങുന്ന സമയം, താനിതുവരെ കാണാത്ത രാഖിക്കുവേണ്ടി വായ്ക്കരിയിട്ട് കൊള്ളിവച്ച് ചിതയ്ക്ക് തീ കൊളുത്തുകയായിരുന്നുവെന്ന് ഹഫീസ് പറഞ്ഞു.


രാഖിയുടെ കഥയിങ്ങനെ:

ആരോരുമില്ലാതെ മാനസികനില തകരാറിലായ നിലയിലാണ് രാഖി കുതിരവട്ടം മനോരാഗ ആശുപത്രിയിലെത്തിയത്. ഹിന്ദി മാത്രമേ സംസാരിക്കാൻ അറിയുമായിരുന്നുള്ളൂ. മാനസിക പ്രശ്നങ്ങൾ ഭേദമായതോടെ ആശുപത്രി അധികൃതർ ഇവരെ തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്തുള്ള ലത്തീൻ കത്തോലിക്കാ സഭയുടെ ബെനഡിക്ട് മിന്നി എന്ന സന്യാസിനികൾ നടത്തുന്ന ആശ്രമത്തിലേക്ക് മാറ്റി. ഇവിടെ കഴിയവെയാണ് അർബുദ രോഗിയായത്. രോഗം മൂർച്ഛിച്ച് വെള്ളിയാഴ്ച 2.30ഓടെയായിരുന്നു അന്ത്യം. രോഗശയ്യയിലായിരിക്കെ അടുപ്പമുള്ള സിസ്റ്റർ ഷിൻസിയോട് രാഖി ആഗ്രഹം പറഞ്ഞിരുന്നു, തന്നെ ഹൈന്ദവ ആചാരാപ്രകാരം തന്നെ സംസ്കരിക്കണമെന്ന്.

ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ രാഖിയുടെ മരണ വിവരം പൊലീസിൽ അറിയിക്കേണ്ടതുണ്ട്. ഇതിനുള്ള സഹായം തേടിയാണ് സന്യാസിനിമാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും വാർഡ് അംഗവുമായ ടി. സഫീറിനെ ബന്ധപ്പെട്ടത്. വിവരമറിഞ്ഞ സഫീർ, കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റി അംഗമായ എ.എച്ച് ഹഫീസിന്റെ സഹായം തേടി. തുടർന്ന് ഇരുവരും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തി നടപടിക്രമങ്ങൾ മൃതദേഹം ആശുപത്രി അധികൃതത്തിൽനിന്നും ഏറ്റുവാങ്ങി മഠത്തിൽ എത്തിച്ചു. അപ്പോഴാണ് തന്നെ ഹൈന്ദവ ആചാരപ്രകാരം സംസ്കരിക്കണമെന്ന് ആഗ്രഹം രാഖി പറഞ്ഞതായി കന്യാസ്ത്രീകൾ വെളിപ്പെടുത്തിയത്.


ഒരു മകന്റെയോ സഹോദരന്റെയോ സ്ഥാനത്തുനിന്ന് കർമങ്ങൾ താൻ ചെയ്തോളാം എന്ന് സഫീർ പറയുകയായിരുന്നു. അന്ത്യകർമ്മങ്ങൾക്കുള്ള പൂവും തിരിയും കുടവും കൊള്ളിയുമടക്കമുള്ള സാധനങ്ങൾ ഇരുവരും ചേർന്ന് വാങ്ങി വന്നു. വൈകുന്നേരം ആറിന് ശേഷം കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാര ചടങ്ങുകൾ അനുവദിക്കില്ല എന്നതിനാൽ ഹഫീസ് ബന്ധപ്പെട്ടവരിൽനിന്നും പ്രത്യേക അനുമതി പ്രകാരം സമയം നീട്ടി വാങ്ങി. 6.30ഓടെ മൃതദേഹം സംസ്കാരത്തിനായി ശാന്തിതീരത്ത് എത്തിച്ചു. കുപ്പായമഴിച്ച് കച്ചയും പട്ടും അരയിൽ ചുറ്റി സഫീർ അന്ത്യകർമ്മങ്ങൾ ചെയ്തു.

താൻ നൽകിയ സഹായങ്ങളൊന്നുംപറയാതെ, സഫീറിന്റെയും കന്യാസ്ത്രീകളുടെയും ചിത്രങ്ങൾ മാത്രം ഉള്‍പ്പെടുത്തി ഇക്കാര്യം ഹഫീസ് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോൾ സഫീർ താനിതുവരെ കാണാത്ത രാഖിക്കുവേണ്ടി വായ്ക്കരിയിട്ട് കൊള്ളിവെച്ച് ചിതയ്ക്ക് തീ കൊളുത്തുകയായിരുന്നുവെന്ന് ഹഫീസ് ഫേസ്ബുക്കിൽ കുറിച്ചു... പിന്നീട് മഠം അധികൃതർ പുറത്തുവിട്ട വീഡിയോയിലാണ് എല്ലാത്തിനും ആദ്യാവസാനക്കാരനായി ഹഫീസും ഉണ്ടായിരുന്നെ വിവരം പുറത്തുവന്നത്. സംസ്കാര ചെലവുകളും ഹഫീസ് തന്നെയാണ് വഹിച്ചത് എന്ന് മഠം അധികൃതർ വ്യക്തമാക്കി.


ഇരുവരും ഒന്നിച്ചുനിന്നാണ് ചടങ്ങുകൾ നിർവഹിച്ചത് എന്ന് കന്യാസ്ത്രീകൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴിന് ഹഫീസും സഫീറും കന്യാസ്ത്രീകളും ശാന്തിതീരത്ത് എത്തി ചിതാഭസ്മം ഏറ്റുവാങ്ങി. തുടർ കർമ്മങ്ങളും ഉടൻ നിർവഹിക്കുമെന്ന് മഠം അധികൃതർ പറഞ്ഞു.

Tags:    
News Summary - Safeer performs the last rites of Rakhi who died in Convent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT