പാണക്കാട്ടെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങൾ; ഉദ്ദേശിച്ചത് കുഞ്ഞാലിക്കുട്ടിയെയെന്ന് ജലീൽ

മലപ്പുറം: പാണക്കാട്ട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിനെതിരെ ഭീഷണി മുഴക്കിയ മുൻ മന്ത്രി കെ.ടി. ജലീലിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു വാർത്തസമ്മേളനത്തിനിടെ സാദിഖലി തങ്ങളുടെ പ്രസ്താവന. എന്നാൽ, കുഞ്ഞാലിക്കുട്ടിയെയാണ് സാദിഖലി തങ്ങൾ ഉദ്ദേശിച്ചതെന്ന് കെ.ടി. ജലീൽ പറഞ്ഞു.

മുഈന്‍ അലി തങ്ങള്‍ക്കെതിരെ ലീഗ് നടപടി തുടര്‍ന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരുമെന്ന് കെ.ടി. ജലീല്‍ പറഞ്ഞിരുന്നു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കടുത്ത വിമർശനമാണ് ലീഗ് നേതാക്കൾ ഉയർത്തിയത്. ജലീലിന്‍റെ ഭീഷണി കേട്ട് പേടിക്കുന്ന പാർട്ടിയല്ല ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പാണക്കാട്ട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ വിമർശനം.

കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗിൽ അവസാനിക്കുകയാണെന്നാണ് ജലീൽ പിന്നീട് പറഞ്ഞത്. പാണക്കാട് കുടുംബത്തിന്‍റെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ കുറിച്ച് തന്നെയാണെന്നാണ് കരുതേണ്ടത്. എന്താണോ കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചത്, അതാണ് ഇന്നത്തെ ലീഗ് നേതൃയോഗത്തിൽ ഉണ്ടായതെന്നും ജലീൽ പറഞ്ഞു.

ഇന്നാണ് ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നത്. പാണക്കാട് മുഈനലി തങ്ങളെ വാർത്തസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ പ്രവർത്തകൻ റാ​ഫി പു​തി​യ​ക​ട​വിനെ സസ്പെൻഡ് ചെയ്തതാ‍യും മുഈനലിയുടെ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. തങ്ങൾ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും വിവാദ വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നുമാണ് യോഗം വിലയിരുത്തിയത്. 

Tags:    
News Summary - sadiq ali thangal criticise kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.