ന്യൂഡൽഹി: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ശബരിമല യുവതീപ്രവേശന കേസിൽ വിപ്ലവകരമായ സ്വന്തം നിലപാട് മധുരിച്ചിറക്കാനും കയ്ച്ചിട്ട് തുപ്പാനും വയ്യാത്ത പരുവത്തിൽ സംസ്ഥാന സർക്കാർ.
കഴിഞ്ഞ ഏഴുവർഷമായി മൗനം തുടരുന്ന ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി മാർച്ച് 14നകം നിലപാട് വ്യക്തമാക്കേണ്ടി വന്നതാണ് സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. യുവതീപ്രവേശനത്തെ പിണറായി സർക്കാർ കൂടി പിന്തുണച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ചരിത്രവിധിയുണ്ടായത്. എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടിക്ക് ഈ നിലപാട് ഒരുകാരണമായി മാറി. അതിനുശേഷം ഒതുക്കിവെച്ച വിഷയത്തിലാണ് രണ്ടിലൊന്ന് പറയേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. വാദം എഴുതിനൽകാനുള്ള സമയം മാർച്ച് 14ൽനിന്ന് നീട്ടിനൽകണമെന്ന് ചില അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
സമത്വവും ലിംഗനീതിയും വേണ്ടെന്ന് പറയാനാകുമോ?
യുവതീപ്രവേശന വിധിക്ക് സുപ്രീംകോടതി സ്റ്റേ നൽകാതിരുന്നിട്ടും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി കേരള സർക്കാർ കൈക്കൊണ്ടിട്ടില്ല. എന്നാൽ, ആദ്യനിലപാട് തള്ളിയെന്ന് പറയാനും സർക്കാറിന് കഴിയുന്നില്ല.
വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചതോടുകൂടി സംസ്ഥാന സർക്കാറിന്റെ നിലപാട് നിർണായകമാകും.
ശബരിമലക്ക് പുറമേ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ഷിയ മുസ്ലിംകളിലെ ദാവൂദി ബോറ വിഭാഗത്തിൽപെട്ട പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയിലെ പൊതുനിയമപ്രശ്നങ്ങളെക്കൂടി ബാധിക്കുന്നതാണ് ശബരിമല കേസ്.
സംസ്ഥാന സർക്കാർ അടിച്ച സെൽഫ് ഗോൾ
തിങ്കളാഴ്ചത്തെ വാദം കേൾക്കലിനിടയിൽ, യുവതീപ്രവേശന വിധി ചോദ്യംചെയ്തുള്ള പുനഃപരിശോധന ഹരജികളെ ഇതുവരെ എതിർത്തിരുന്നുവെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ബോധിപ്പിച്ചത് ഒരർഥത്തിൽ സർക്കാറിന് സെൽഫ് ഗോളായി. കേരളത്തിലെ ചുടുപിടിച്ച രാഷ്ട്രീയവിഷയമായി മാറിയ ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ സർക്കാർ കൈകൊള്ളാൻ തീരുമാനിച്ച മൗനം തങ്ങൾ നിയോഗിച്ച മുതിർന്ന അഭിഭാഷകൻതന്നെ ഭഞ്ജിച്ചത് സർക്കാറിന് പരിക്കേൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.