ശബരിമലയിൽ സ്ത്രീകളെ വിലക്കിയത് എന്തിന് -സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകൾക്ക് ഭരണസമിതി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് സുപ്രീംകോടതി. ശബരിമല പൊതുക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരു പോലെ ആരാധന നടത്താൻ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമർശം നടത്തി. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നൽകിയ ഹരജിയിൽ വാദം കോൾക്കവെ ആണ് കോടതി പരാമർശം നടത്തിയത്. 

ദേവസ്വം ബോർഡിന് ഇത്തരത്തിൽ തീരുമാനമെടുക്കാൻ എന്താണ് അധികാരം. ഒരു ക്ഷേത്രം എന്നത് പൊതു ക്ഷേത്രമായിരിക്കും. പൊതു ക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. അൻപത് വയസിനു മുകളിലും പത്തു വയസിനു താഴേയും ആർത്തവമുണ്ടാകാം. അപ്പോൾ ആ കാരണം പറഞ്ഞു എങ്ങനെ നിയന്ത്രിക്കുമെന്നും സുപ്രീംകോടതി ചോദിച്ചു.

ക്ഷേത്ര ഭരണകാര്യത്തിൽ ഇടപെടാൻ ആകില്ലെന്ന് രാവിലെ വാദം കേൾക്കവെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങൾക്കും മേൽനോട്ടത്തിനും ദേവസ്വം ബോർഡ് ഉണ്ട്. നിയമപരമായ കാര്യങ്ങൾ മാത്രമാകും പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

അതേസമ‍‍യം, ഹിന്ദുമതം സ്‌ത്രീകളുടെ ക്ഷേത്രപ്രവേശനം തടയുന്നില്ല. തിരുവിതാംകൂർ രാജാവ് ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വിലക്കിയതിന് തെളിവില്ല. ശബരിമല ക്ഷേത്ര ആചാരങ്ങൾ ബുദ്ധമത വിശ്വാസത്തിന്‍റെ തുടർച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകയായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ, ബുദ്ധ ആചാരങ്ങളുടെ തുടർച്ചയാണ് എന്ന വാദങ്ങൾ പോര, വസ്തുതകൾ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ശ്രീകോവിലിൽ പൂജ നടത്തനുള്ള അവകാശം അല്ല ചോദിക്കുന്നത്. ക്ഷേത്രത്തിൽ പ്രാർഥനക്കുള്ള ആവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. സ്ത്രീകൾക്കുള്ള വിലക്ക് ആചാരങ്ങളുടെ ഭാഗമെങ്കിൽ അത് തെളിയിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. 

Tags:    
News Summary - Sabarimala Women Entry Case in Supreme Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.