കണ്ഠര് രാജീവര്, മുരാരി ബാബു

മുരാരി ബാബു പറയുന്നത് കള്ളം, ശിൽപങ്ങൾ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടില്ല -തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു പറയുന്നത് കള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ‌ അനുമതി കൊടുത്തിട്ടില്ല. ശിൽപങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. ഇതിന് മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശിൽപങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും തന്ത്രി വ്യക്തമാക്കി.

നേരത്തെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പിൽ പറഞ്ഞിരുന്നു. 1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതെന്നും തന്ത്രി പറയുന്നു.

അതേസമയം സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈകോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ബി. മുരാരി ബാബു. വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തേക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാനാണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ബോർഡ് ആലോചിക്കുന്നുണ്ട്.

Tags:    
News Summary - Sabarimala Tantri Kantarar Rajeevar says Murari Babu Lying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.