പന്തളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് സന്തോഷവും ദുഃഖവും ഒരുപോലെ നൽകുന്നുവെന്ന് പന്തളം കൊട്ടാരം. വിധി പുനഃപരിശോധനക്കുെവച്ചത് ഉത്തരവിൽ തെറ്റുകൾ കടന്നുകൂടിയെന്നതിെൻറ തെളിവാണ്. അത് അംഗീകരിച്ചത് വലിയ ആശ്വാസമാണ്. എന്നാൽ, സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് സ്റ്റേ ചെയ്യാത്തതിൽ അതിദുഃഖമുണ്ടെന്ന് നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമയും സെക്രട്ടറി പി.എൻ. നാരായണവർമയും പറഞ്ഞു. ഒന്നരമാസമായി നടക്കുന്ന സഹനസമരത്തിെൻറ ആദ്യഘട്ടം വിജയംകണ്ടിരിക്കുകയാണ്. അയ്യപ്പഭക്തരുടെ സഹനസമരത്തോട് പുറംതിരിഞ്ഞു നിൽക്കുകയും നാമജപത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്ത സർക്കാറിനടക്കമുള്ള തിരിച്ചടിയുമാണിത്.സർവകക്ഷി യോഗം വിളിച്ച് മതേതര സർക്കാറാണ് കേരളത്തിൽ അധികാരത്തിലുള്ളതെന്ന് തെളിയിക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്. കോടതി വിധി നടപ്പാക്കുന്നതിെൻറ ബുദ്ധിമുട്ടുകൾ സർക്കാർ കോടതിയെ അറിയിക്കണം.
കലാപത്തിന് ശ്രമിച്ചാല്‍ അയ്യപ്പഭക്തരെ അണിനിരത്തി നേരിടും –കോടിയേരി
പൂന്തുറ: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിച്ചാല്‍ നേരിടാന്‍ അയ്യപ്പഭക്തരെതന്നെ അണിനിരത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം തിരുവനന്തപുരം നിയമസഭ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ ജാഥയുടെ ഉദ്ഘാടനം പൂന്തുറയിൽ നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. മണ്ഡലകാലം സംഘര്‍ഷമില്ലാതെ നടക്കാന്‍ എല്ലാവരും സഹകരിക്കണം. മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. താമര വാടിത്തുടങ്ങിയതോടെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ക്ഷേത്ര-പള്ളി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകാണ് സംഘ്പരിവാര്‍ ശക്തികള്‍ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
വിധി ശുഭസൂചകം –തന്ത്രി
ചെങ്ങന്നൂർ: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത് ശുഭസൂചകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ഇതുസംബന്ധിച്ച് ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും എന്ന് പറഞ്ഞതുതന്നെ വലിയ വിജയമായും മഹാഭാഗ്യമായും കരുതുന്നു. സമാധാനവും സന്തോഷവും ശബരിമലയിൽ പുനഃസ്ഥാപിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ഇത് അയ്യപ്പെൻറ വിജയമായി കരുതുന്നു. അനുകൂല വിധിയും ഇതുപോലെ വരുമെന്നാണ് പ്രതീക്ഷ.
വിധി മാനിക്കണം –വെള്ളാപ്പള്ളി
ചേര്‍ത്തല: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമം കൊണ്ടല്ല, കീഴ്വഴക്കം കൊണ്ടാണ് യുവതികൾ ശബരിമലയിൽ സന്ദർശനത്തിന് പോകാത്തത്. ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
വിവേകത്തോടെ തീരുമാനമെടുക്കണം –എൻ.എസ്.എസ്
ചങ്ങനാശ്ശേരി: നാടിെൻറ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങൾക്ക് കോട്ടം തട്ടാതെയും വിവേകപൂർവം വിശ്വസികൾക്ക് അനുകൂല തീരുമാനം സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും എടുക്കുമെന്നാണ് വിശ്വാസമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സുപ്രീംേകാടതി പുനഃപരിശോധന ഹരജി പരിഗണിച്ചശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവ് പുറത്തുവന്ന ശേഷം ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി.
സ്വാഗതാര്‍ഹം –ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിധിയിന്മേലുള്ള പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ തീരുമാനത്തിെൻറ വെളിച്ചത്തില്‍ മണ്ഡലം-മകരവിളക്ക് കാലത്ത് സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം.
മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം –മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രീംകോടതി വിധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് സ്വാഗതം ചെയ്തു. സുപ്രീംകോടതി തീരുമാനം സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്. സ്ത്രീപ്രവേശനം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് ദൗര്‍ഭാഗ്യകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.