കോഴിക്കോട്: ശബരിമല സന്നിധാനത്ത് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്റ്റർ ദിശമാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായല്ല ഹെലികോപ്റ്റർ ഇതുവഴി വന്നതെന്നും വിശദീകരണത്തിൽ പറയുന്നു. എന്നാൽ, കോസ്റ്റ് ഗാർഡിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കോസ്റ്റ് ഗാർഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി 821 എന്ന ഹെലികോപ്റ്റർ താഴ്ന്നുപറന്നത്. കൊടിമരത്തിൽനിന്ന് ഏകദേശം അഞ്ചുമീറ്റർ ഉയരത്തിലൂടെ പറന്ന കോപ്റ്ററിന്റെ ദൃശ്യം അവിടെ ഉണ്ടായിരുന്നവർ പകർത്തിയിരുന്നു. നാലുപേർ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇവർ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഹൈകോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്തിന് നിർദേശം നൽകി. 30 സെക്കൻഡോളമാണ് കോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നത്.
അതീവസുരക്ഷാ മേഖലയായ സന്നിധാനത്ത് ആദ്യമായിട്ടാണ് ഹെലികോപ്റ്റർ താഴ്ന്നുപറന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാൻ പ്രദേശങ്ങളുടെ ഘടന മനസ്സിലാക്കുന്നതിനാണ് ഇങ്ങനെ നിരീക്ഷണം നടത്തിയതെന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.