യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
പിഎം ശ്രീ പദ്ധതിയുമായി യു.ഡി.എഫ് മുന്നോട്ട്; ധാരണാപത്രത്തിൽനിന്ന് പിന്മാറാനാകില്ലെന്നും കൺവീനർ അടൂർ പ്രകാശ്
തിരുവനന്തപുരം: മന്ത്രിസഭ ഉപസമിതിയിലെ അഭിപ്രായ ഭിന്നതക്കും പ്രതിപക്ഷ വിമർശനങ്ങൾക്കുമിടെ പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനം. പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച ലൈനിൽ നിന്ന് മലക്കംമറിഞ്ഞാണ് പുതിയ നിലപാട്. മുൻ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഇനി പിന്മാറാനാവില്ലെന്ന സാങ്കേതിക ന്യായത്തിനൊപ്പം ധനസ്ഥിതിയിലെ ഞെരുക്കം കൂടി ചൂണ്ടിക്കാട്ടിയാണ് പദ്ധതി തുടരാനുള്ള ധാരണയിലേക്ക് മുന്നണി യോഗമെത്തിയത്. പണത്തിന്റെ കുറവുള്ളതിനാൽ പദ്ധതിയോട് മുഖം തിരിക്കേണ്ടെന്നതായിരുന്നു യോഗത്തിലെ പൊതുവികാരം. മുസ്ലിംലീഗ് കാര്യമായ അഭിപ്രായം പ്രകടിപ്പിച്ചില്ല.
കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് ആരുടെയും ഔദാര്യമല്ല, അത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നത് സർക്കാർ തീരുമാനിക്കും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഇനി പിന്മാറാനാവില്ല. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ട് എവിടെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറാണ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് കൂടി വന്നതിനുശേഷമാകും ഏതെല്ലാം സ്ഥാപനങ്ങളിലെന്നത് തീരുമാനിക്കുക.
സംഘപരിവാർ അജണ്ടയാണെന്ന് മുൻപ് വിമർശിച്ച പദ്ധതിയുമായി യു.ഡി.എഫിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന ചോദ്യങ്ങൾക്ക് മുന്നണി കൺവീനർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പകരം ‘കേന്ദ്രസർക്കാരിൽ നിന്നുള്ളത് നമുക്ക് അവകാശപ്പെട്ട ഫണ്ടാണെന്നും അത് ഏറ്റുവാങ്ങുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിൽ യാതൊരു തടസ്സവുമില്ലെന്നുമായിരുന്നു മറുപടി. എൽ.ഡി.എഫ് ഒപ്പിട്ട ഘട്ടത്തിൽ യു.ഡി.എഫ് ശക്തമായ വിയോജിപ്പുയർത്തിയ കാര്യം മാധ്യമപ്രവർത്തകർ ആവർത്തിച്ചപ്പോൾ ‘എൽ.ഡി.എഫ് അന്ന് രഹസ്യമായി ഒപ്പിട്ടത് പിന്മാറാൻ വേണ്ടിയായിരുന്നോ’ എന്നായിരുന്നു മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.