കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കായ്ക്കര സ്വദേശി ബഷീറാണ് (68) മരിച്ചത്. മരിച്ച ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് എം.എൽ.എ അജയപ്രസാദ് പറഞ്ഞു. ഇന്ന് രാവിലെ 5.30നാണ് ആക്രമണം നടന്നത്. നടന്നുവരികയായിരുന്ന ബഷീറിനെ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് ബഷീറിന് ജീവൻ നഷ്ടമായി.

ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന വ്യക്തിയായിരുന്നു ബഷീർ. നാട്ടുകാരാണ് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. അജയപ്രസാദ് എം.എൽ.എ, എസ്. ജയമോഹൻ മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. വന്യമൃഗ ആക്രമണ ലഘൂകരണ പ്രവർത്തികൾ പ്രദേശത്ത് നടത്തിവരികയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. വന്യമൃഗ ആക്രമണം തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. വേണ്ട പരിഹാരം കാണാമെന്ന് എം.എൽ.എയും ഡി.എഫ്.ഒയും ഉറപ്പ് നൽകി.

അതേസമയം, മലപ്പുറം കരുവാരക്കുണ്ടിൽ ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കരുവാരക്കുണ്ട് അരിമണൽ മലയോര ഹൈവേയിലും സമീപത്തെ ജനവാസ മേഖലകളിലുമാണ് കാട്ടാനയിറങ്ങിയത്. സമീപത്തെ റബർ തോട്ടത്തിലൂടെ ഹൈവേയിലേക്ക് ഇറങ്ങിവന്ന ആന, ആ വഴി ബൈക്കിൽ പോയ യുവാക്കൾക്ക് നേരെ ചിന്നംവിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച ആന കിഴക്കേത്തല, കണ്ണത്ത് മിനി സ്റ്റേഡിയം ഭാഗങ്ങളിലെ വീടുകളുടെ ചുറ്റുമതിലുകൾ തകർത്തു. കണ്ണത്ത് ഭാഗത്ത് വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പും ആന തകർത്തു.

വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് ആനയെ വനത്തിലേക്ക് തിരികെ ഓടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉച്ചഭാഷിണിയിലൂടെ ജാഗ്രത നിർദേശവും നൽകുന്നുണ്ട്. മലയോര മേഖലയായതിനാൽ പുലർച്ചെയും രാത്രിയിലും യാത്ര ചെയ്യുന്നവരും തോട്ടം തൊഴിലാളികളും അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.