പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2015ൽ തങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ വധിക്കാൻ ആന്ധ്രപ്രദേശ് പൊലീസ് പദ്ധതിയിട്ടിരുന്നുവെന്ന നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ മാവോയിസ്റ്റ് തടവുകാരൻ രൂപേഷ്. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രൂപേഷിന്റെ ഈ അതിശയിപ്പിക്കുന്ന വെളിപ്പെടുത്തൽ. തന്ത്രപരമായ ഇടപെടൽ കൊണ്ട് മാത്രമാണ് താനും പങ്കാളി ഷൈനയും അന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടൽ കൊലകൾക്ക് കുപ്രസിദ്ധമായ ആന്ധ്രപ്രദേശ് സ്പെഷ്യൽ ഇന്റലിജൻസ് ബ്യൂറോയാണ് തങ്ങളെ പിടികൂടിയതെന്ന് രൂപേഷ് വ്യക്തമാക്കുന്നു. 2015ൽ കോയമ്പത്തൂരിൽ വെച്ച് ചായ കുടിച്ചുകൊണ്ടിരുന്ന തന്നെയും സംഘത്തെയും ഒന്നര മിനിറ്റിനുള്ളിൽ അതിവേഗം പൊലീസുകാർ വണ്ടിയിൽ കയറ്റുകയായിരുന്നു. ജീവിതം അവസാനിക്കാൻ പോകുകയാണെന്ന് മനസിലാക്കിയതോടെ ഒരു ശ്രമം നടത്താൻ ഉറപ്പിച്ചു.
പിന്നിലുണ്ടായിരുന്ന അനുപിനോട് വണ്ടി മറിക്കാൻ പോകുകയാണെന്ന് പറഞ്ഞെങ്കിലും പൊലീസ് സംഘത്തിലുണ്ടായിരുന്ന മലയാളം അറിയുന്നയാൾ തെലുങ്കിൽ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇതോടെ തന്റെ രണ്ട് കൈകളും പൊലീസുകാർ കെട്ടിയിട്ടു. സ്പീഡിൽ പോകുന്ന വണ്ടിയുടെ സ്റ്റിയറിങ് തിരിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും കൈകൾ കെട്ടിയതോടെ ആ നീക്കം പാളി. തുടർന്ന്, ലഭിക്കുന്ന കുറച്ച് സെക്കന്റുകൾക്കുള്ളിൽ ചെയ്യാൻ പറ്റുന്ന കാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കാലുകൾ ഫ്രീ ആയിരുന്നതിനാൽ, ആക്സിലറേറ്ററിൽ ശ്രദ്ധിച്ചിരുന്ന ഡ്രൈവറെ ഒഴിവാക്കി താൻ ക്ലച്ചിൽ ബലമായി ചവിട്ടി അമർത്തിപ്പിടിച്ചു. ഇതോടെ വണ്ടി റൈസ് ആയി നിന്നു. എന്താണ് സംഭവിക്കുന്നതെന്ന് പൊലീസുകാർക്ക് ആദ്യം മനസ്സിലായില്ല. വണ്ടി റൈസ് ആയി നിന്നതോടെ റോഡിൽ ആളുകൾ തടിച്ചുകൂടി. ഈ സമയം എല്ലാവരോടും ഉറക്കെ മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടു.
ഇതിനിടയിൽ ഷൈനക്കും കണ്ണനും വാതിൽ തുറക്കാനും, തങ്ങളെ ആരോ തട്ടിക്കൊണ്ടുപോകുകയാണെന്ന് ജനങ്ങളോട് ഉറക്കെ വിളിച്ച് പറയാനും അവസരം ലഭിച്ചു. സംഭവം ജനശ്രദ്ധ ആകർഷിച്ചതോടെ, പ്ലാൻ ചെയ്തിരുന്ന ഏറ്റുമുട്ടൽ കൊലപാതക നീക്കം ഉപേക്ഷിക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നുവെന്ന് രൂപേഷ് വിവരിച്ചു.
കഴിഞ്ഞ സർക്കാർ യു.എ.പി.എ ചുമത്താൻ അനുമതി നൽകാതിരുന്നതോ പിൻവലിച്ചതോ ആയ കേസുകളിൽ വീണ്ടും യു.എ.പി.എ ചുമത്താനുള്ള നീക്കം നിലവിലെ യു.ഡി.എഫ് സർക്കാർ നടത്തുകയാണെന്ന് രൂപേഷ് കുറ്റപ്പെടുത്തി. രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി വന്നശേഷമാണ് ഇത്തരം നീക്കങ്ങൾ സജീവമായത്.
അലൻ-താഹ കേസിലടക്കം യു.എ.പി.എ വിരുദ്ധ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രിയും ഇപ്പോൾ യു.എ.പിഎ സജീവമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യു.എ.പി.എ ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പങ്കാളി ഷൈനയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.